കോഴിക്കോട്: രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രമേയമാക്കി എടുത്ത ‘ടി.പി. 51 വെട്ട്’ എന്ന സിനിമയിൽ ടി.പി. ചന്ദ്രശേഖരന്റെ റോൾ ചെയ്ത ടി.കെ. രമേശൻ നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി.
വടകര പാക്കയിൽ 42-ാം വാർഡിലാണ് രമേശന് മത്സരിക്കുന്നത്. നേരത്തേ രശ്മി തിയറ്റേഴ്സിൽ നടനായിരുന്ന രമേശൻ ആദ്യമായി സിനിമയിൽ ചെയ്ത വേഷമാണിത്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചന്ദ്രശേഖരന്റെ രൂപസാദൃശ്യം കഥാപാത്രത്തെ ശ്രദ്ധേയമാക്കി.
പിന്നീട് ചില ടെലി ഫിലിമുകളിലും മുഖം കാണിച്ചിരുന്നു. സിപിഎം ശക്തികേന്ദ്രമായ വാർഡിലാണ് കോൺഗ്രസ് ടിക്കറ്റിൽ കന്നി മത്സരം. സിപിഎം സിറ്റിംഗ് സീറ്റിലാണു രമേശന് മത്സരിക്കുന്നത്.
2019 ജനുവരിയിലാണ്, സിപിഎമ്മിനെ ഏറെ പ്രതിക്കൂട്ടിലാക്കിയ ടി.പി. 51 വെട്ട് സിനിമ റിലീസായത്. അതേസമയം, ചില തിയറ്ററുകള് രാഷ്ട്രീയ സമ്മര്ദത്തെത്തുടര്ന്ന് ചിത്രം റിലീസ് ചെയ്യുന്നതില്നിന്നു പിന്മാറിയിരുന്നു. സംവിധായകന് മൊയ്തുതാഴത്തിന്റെ പാസ്പോര്ട്ട് ഉള്പ്പെടെ തടഞ്ഞുവച്ച സംഭവവും ഉണ്ടായി.

