തൃശൂർ: കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലെ സ്വന്തം കാണികൾക്കു മുന്നിലേറ്റ നാണക്കേടിനു പൂരപ്പറന്പിൽത്തന്നെ കണക്കുതീർത്ത് നിലവിലെ ചാന്പ്യൻമാരായ കാലിക്കട്ട് എഫ്സി.
സൂപ്പർ ലീഗ് കേരളയിലെ ആദ്യ രണ്ടു സ്ഥാനക്കാർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ ആതിഥേയരായ മാജിക് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കി നിലവിലെ ചാന്പ്യൻമാരായ കാലിക്കട്ട് ഒന്നാംസ്ഥാനത്തേക്കു കുതിച്ചു.
86-ാം മിനിട്ടിൽ പകരക്കാരനായെത്തിയ ഷാബാസ് അഹമ്മദിന്റെ ക്രോസിനു തലവച്ച അർജന്റീനക്കാരൻ ഫെഡറിക്കോ ബൊയാസോ ഫ്ലിയൂറിയാണ് നിർണായകഗോൾ സ്കോർ ചെയ്തത്. ജയത്തോടെ ഏഴു മത്സരത്തിൽ നാലു ജയവും രണ്ടു സമനിലയുമായി കാലിക്കട്ടിനു14 പോയിന്റായി. അത്രയും കളിയിൽ 13 പോയിന്റുമായി തൃശൂർ മാജിക് എഫ്സി രണ്ടാംസ്ഥാനത്തുണ്ട്.
പ്രതിരോധാത്മക ഫുട്ബോളിന്റെ വക്താവായ മാനേജർ ആന്ദ്രെ ചെർണിഷോവിനു കീഴിൽ ഇതുവരെ മൂന്നു ഗോളുകൾമാത്രം വഴങ്ങിയ മാജിക് എഫ്സി അതേ തന്ത്രവുമായാണു കാലിക്കട്ടിനെയും നേരിടാനിറങ്ങിയത്. സിറ്റിംഗ് ബാക്ക് ആൻഡ് കൗണ്ടർ അറ്റാക്ക് ശൈലിയിലായിരുന്നു തൃശൂരിന്റെ കളി. ഗോൾ വഴങ്ങാതെ കൗണ്ടർ അറ്റാക്കിലൂടെ ഒരു ഗോൾ നേടി മൂന്നുപോയിന്റ് കീശയിലാക്കാനായിരുന്നു ചെർണിഷോവ് ആശാന്റെ പദ്ധതി.
സൂപ്പർലീഗിൽ ഇതുവരെ രണ്ടു തവണ മാജിക് എഫ്സിയോടു തോറ്റ കാലിക്കട്ട് ഇന്നലെ ശ്രദ്ധയോടെയാണു തുടങ്ങിയത്. തുടക്കം മുതൽ അറ്റാക്ക് ചെയ്തുകളിച്ചതും കാലിക്കട്ട്തന്നെ. പ്രസ് ചെയ്തു കളിച്ച കാലിക്കട്ട് ബ്ലോക്ക് ഒഴിഞ്ഞ അവസരങ്ങളില്ലൊം ഗോൾവല ലക്ഷ്യംവച്ച് ലോംഗ് റേഞ്ചറുകൾ ഉതിർത്തുകൊണ്ടിരുന്നെങ്കിലും മാജിക്കിന്റെ വെറ്ററൻ ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിക്കു മേലനങ്ങേണ്ടിവന്നില്ല. മധ്യനിരയിൽ അർജന്റീനക്കാരായ ജൊനാഥൻ പെരേരയും ബൊയാസോ ഫ്ലിയൂറിയും മുഹമ്മദ് ആസിഫും നിരന്തരം ലോംഗ് റേഞ്ചുറുകൾ ഉതിർത്തെങ്കിലും ലക്ഷ്യം അകന്നു.
മറുവശത്ത് പ്രതിരോധത്തിലൂന്നി കളിച്ച മാജിക് എഫ്സി കൗണ്ടർ അറ്റാക്കിലൂടെ ഗോൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. മുന്നേറ്റനിരയിലെ സെർബിയൻ ജയന്റ് ഇവാൻ മാർകോവിച്ചിനു ചില അവസരങ്ങൾ ലഭിച്ചെങ്കിലും കാലിക്കട്ടിന്റെ ഗോൾകീപ്പർ ഹജ്മലിനെ കീഴടക്കാനായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ പെനാൽട്ടി ബോക്സിന്റെ ഇടതുമൂലയിൽനിന്നു തൃശൂരിനു ലഭിച്ച ഗോൾഡൻ ചാൻസ് മാർക്കോവിച്ച് പുറത്തേക്കടിച്ചുകളഞ്ഞു. തൊട്ടുപിന്നാലെ കാലിക്കട്ടിന്റെ അജ്സലും സുവർണാവസരം നഷ്ടമാക്കി.
ഇന്റർകാശി എഫ്സിയെ ഐ ലീഗ് ചാന്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മുൻ ബ്ലാസ്റ്റേഴ്സ് താരംകൂടിയായ കെ. പ്രശാന്ത് രണ്ടാം പകുതിയിൽ കളത്തിലെത്തിയതോടെ കാലിക്കട്ടിന്റെ വലതുവിംഗിനു ജീവൻ വച്ചു.
ബ്രൂണോയുടെ പാസിൽ നിന്ന് അജ്സലിന്റെ ഷോട്ട് കട്ടിമണിയെ മറികടന്നെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്കുപറന്നപ്പോൾ മാജിക് എഫ്സി ആരാധകക്കൂട്ടം ബ്ലൂ ഗഡീസ് ഗാലറിയിൽ ആശ്വാസംകൊണ്ടു.
86-ാം മിനിട്ടിൽ കാലിക്കട്ട് കാത്തിരുന്ന മുഹൂർത്തമെത്തി. പകരക്കാരനായി കളത്തിലെത്തിയ ഷാബാസ് വലതുവിംഗിൽനിന്ന് ബോക്സിലേക്കു മറിച്ചുനൽകിയ ക്രോസ് ബൊയാസോ ഫ്ലിയൂറി ഹെഡറിലൂടെ വലയിലെത്തിച്ചപ്പോൾ തൃശൂരിന്റെ ബ്ലൂ ഗഡീസ് ആർമി ഗാലറിയിൽ മൂകരായി.
ജയേഷ് നായർ

