കോട്ടയം: സൂക്ഷ്മ ജലസേചന പദ്ധതിയില്‍ കര്‍ഷകര്‍ക്കു സബ്സിഡി നല്‍കുന്നതിനായി ജില്ലയ്ക്കു ലഭിച്ചിരിക്കുന്ന അലോട്ട്മെന്റ് ഒന്നരക്കോടി. പ്രധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന സൂക്ഷ്മ ജലസേചന പദ്ധതിയില്‍ കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നതിനാണ് ഒന്നരക്കോടി രൂപ ജില്ലയ്ക്കു ലഭിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം സംസ്ഥാനത്താകെ ലഭിച്ചിരിക്കുന്നത് 200 കോടി രൂപയാണ്. ഈ തുകയില്‍നിന്നാണ് ഒന്നരക്കോടി ജില്ലയ്ക്കു ലഭിച്ചത്.
വിവിധ കൃഷികള്‍ക്കായി സൂക്ഷ്മ ജലസേചന സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ സബ്സിഡി തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു ലഭിക്കും. സര്‍ക്കാര്‍ അംഗീകൃത നിരക്കിന്റെ 45 മുതല്‍ 55 ശതമാനം തുക വരെ സബ്സിഡിയായ ലഭിക്കും. ഒരു കര്‍ഷകനു പരമാവധി അഞ്ചു ഹെക്ടറിനു വരെ സബ്സിഡി ലഭിക്കും.
ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ക്കു ഹെക്ടറിനു 40,000 രൂപ വരെ സബ്സിഡി ലഭിക്കും. എഫ്ആര്‍എ പട്ടയമുള്ള ഭൂവുടമകള്‍ക്ക് 90 ശതമാനം വരെയും സബ്സിഡി ലഭിക്കും. കേര കര്‍ഷകര്‍ക്ക് 30ശതമാനം അധിക സബ്സിഡിയും അനുവദിച്ചിട്ടുണ്ട്. സബ്സിഡി ലഭിക്കാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന ഡീലര്‍മാരില്‍നിന്ന് ജലസേചനത്തിനുള്ള സാധനസാമ്രഗികള്‍ വാങ്ങണം. ഇതിനായി 39 ഡീലര്‍മാരുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൂക്ഷ്മ ജലസേചന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കര്‍ഷകര്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി കുഴല്‍ക്കിണര്‍ നിര്‍മാണം. പമ്പ് സെറ്റ് എന്നിവയ്ക്കും സബ്സിഡി അനുവദിക്കുന്നുണ്ട്. സൂക്ഷ്മ ജലസേചന സംവിധാനം ഉറപ്പാക്കുന്നതിലൂടെ ജില്ലയിലെ തരിശുകിടക്കുന്ന സ്ഥലങ്ങളും കൃഷിക്കായി ഉപയോഗിക്കാന്‍ സാധിക്കും.
എങ്ങനെ അപേക്ഷിക്കാം ?
സബ്സിഡി ലഭിക്കുന്നതിനു കൃഷിഭവന്, കൃഷി എന്‍ജിനിയറിംഗ് ഓഫീസ് എന്നിവിടങ്ങളില്‍നിന്നു ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം (ഫോട്ടോ, ആധാര്‍ കാര്‍ഡ്, കരമടച്ച രസീത്, ബാങ്ക് പാസ് ബുക്ക്,) അപേക്ഷ സമര്‍പ്പിക്കണം. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിയില്‍ സബ്സിഡി കൈപ്പറ്റിയിട്ടില്ല എന്ന കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം നല്‍കണം.
ബന്ധപ്പെട്ട ഓഫീസില്‍ അപേക്ഷ പരിശോധിച്ചു ഡീലറെ തെരഞ്ഞെടുക്കാന്‍ അപേക്ഷന് നിര്‍ദേശം നല്‍കും. ഇതോടെ ഡീലറെ ബന്ധപ്പെട്ട് പ്ലോട്ട് കാണിച്ച് അവര്‍ നല്കുന്ന എസ്റ്റിമേറ്റും ഡിസൈനും ബന്ധപ്പെട്ട അധികൃതര്‍ക്കു സമര്‍പ്പിക്കണം.തുടര്‍ന്നു അധികൃതരുടെ പക്കല്‍നിന്ന് വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചതിനുശേഷം ജലസേചന സംവിധാന ഘടിപ്പിച്ചു വര്‍ക്ക് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും ഒറിജിനല്‍ ബില്ലും സമര്‍പ്പിക്കണം.
ഇതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘം സൈറ്റ് പരിശോധിച്ചു മൂല്യനിര്‍ണയം നടത്തിയാണു സബ്സിഡി അനുവദിക്കുന്നത്. വിവരങ്ങള്‍ക്ക്: 85477 00263.

