വിജയക്കര ഏതാണെന്നറിയും മുമ്പേ പാര്ട്ടിക്കര ഉടുമുണ്ടില്‍ തെളിഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ പതിച്ച മുണ്ടുകളും ധോത്തികളും ഷര്‍ട്ടുകളും സാരികളും പുറത്തിറക്കി തദ്ദേശ തെരഞ്ഞെടുപ്പ് ആഘോഷമാക്കുകയാണ് വസ്ത്ര വ്യാപാരികള്‍.
കൈപ്പത്തി, താമര, അരിവാള്‍ ചുറ്റിക നക്ഷത്രം, അരിവാള്‍ നെല്ക്കതിര്, രണ്ടില, ഓട്ടോറിക്ഷ തുടങ്ങി എല്ലാ പാര്‍ട്ടികളുടെയും ചിഹ്നം പതിച്ച മുണ്ടുകളും ധോത്തികളും ഷര്‍ട്ടുകളുമാണ് കളം നിറഞ്ഞിരിക്കുന്നത്. ഉത്സവങ്ങള്‍ക്കും വിവാഹങ്ങള്‍ക്കുമൊക്കെ ട്രെന്ഡിംഗായിരുന്ന ദേവീദേവന്മാരുടെ ചിത്രങ്ങളുള്ള വസ്ത്രങ്ങള്‍ പോലെയാണ് പാര്‍ട്ടി ചിഹ്നങ്ങളും ആലേഖനം ചെയ്തിരിക്കുന്നത്.
പാലാ മരങ്ങാട്ടുപള്ളിയിലെ കൈത്തറി വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റോറായ മല്‍ഹാര്‍ ലൂംസാണ് ഇത്തരം ഐറ്റങ്ങൾ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇപ്പോള്‍ എത്തിക്കുന്നത്.
വടക്കന്‍ കേരളത്തില്‍ ഇത്തരം മുണ്ടുകള്‍ ലഭ്യമായിത്തുടങ്ങിയിരുന്നെങ്കിലും മധ്യകേരളത്തില്‍ വലിയ പ്രചാരം ലഭിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഏറെപ്പേര്‍ ഇത്തരം വസ്ത്രങ്ങള്‍ അന്വേഷിച്ച് വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് മല്‍ഹാര്‍ ലൂംസിന്റെ ഉടമകളില്‍ ഒരാളായ ശ്രീകാന്ത് എസ്. ശ്രീലകം പറഞ്ഞു. വിവിധ ക്വാളിറ്റിയിലുള്ള മുണ്ടുകളില്‍ വിവിധ തരത്തിലാണ് പ്രിന്റിംഗ്.
200 രൂപ മുതലാണു മുണ്ടുകളുടെ വില. രാഷ്ട്രീയ നേതാക്കളുടെയും സ്ഥാനാര്‍ഥികളുടെയും ചിത്രങ്ങള്‍ പതിച്ച ഷര്‍ട്ടുകളും ഡിസൈന്‍ ചെയ്ത് നല്‍കുമെന്നും ഇവര്‍ പറഞ്ഞു. സംഗതി ക്ലിക്കായതോടെ മല്‍ഹാര്‍ ലൂംസിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലും സോഷ്യല്‍ മീഡിയ പേജുകളിലും പുതിയ ട്രന്‍ഡിന് ഓര്‍ഡര്‍ ഏറി.

