ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ സമാധാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 28ഇന പദ്ധതി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിക്ക് ഔദ്യോഗികമായി കൈമാറി. റഷ്യയുമായി നടത്തിയ ചർച്ചയ്ക്കുശേഷം തയാറാക്കിയ കരട് നിർദേശങ്ങൾ.
യുക്രെയ്ൻ കിഴക്കൻ മേഖലകളിലെ കൂടുതൽ പ്രദേശം വിട്ടുനൽകുക എന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ സമാധാനപദ്ധതിയിലുണ്ട്. സൈന്യത്തെ പരിമിതപ്പെടുത്തുക, നാറ്റോയിൽ ചേരുക എന്ന ദീർഘകാല ലക്ഷ്യം ഉപേക്ഷിക്കുക തുടങ്ങിയവയ്ക്ക് യുക്രെയ്ൻ വഴങ്ങേണ്ടിവരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
റഷ്യ- യുക്രെയ്ൻ യുദ്ധം പരിഹരിക്കാൻ ട്രംപിന്റെ നിർദേശങ്ങൾ അനിവാര്യമാണെന്നും കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും സെലൻസ്കി പ്രതികരിച്ചിട്ടുണ്ട്. യുക്രെയ്ന്റെ പരമാധികാരം നിലനിർത്തുക, റഷ്യ, യുക്രെയ്ൻ, യൂറോപ്പ് എന്നിവർ തമ്മിൽ സമഗ്രമായ ആക്രമണമില്ലാ ഉടമ്പടി ഒപ്പവയ്ക്കുക, റഷ്യ അയൽ രാജ്യങ്ങളെ ആക്രമിക്കുകയില്ലെന്ന് ഉറപ്പുവരുത്തുക, യുക്രെയ്ൻ സായുധ സേനയുടെ എണ്ണം പരിമിതപ്പെടുത്തുക, യുക്രെയ്ന്റെ പുനർനിർമാണം, റഷ്യയെ ആഗോള സമ്പദ്വ്യവസ്ഥയിലേക്ക് പുനഃസംയോജിപ്പിക്കുക, ഉപരോധങ്ങൾ ഘട്ടംഘട്ടമായി നീക്കുന്നതു ചർച്ച ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് ട്രംപിന്റെ സമാധാനപദ്ധതിയിലുള്ളത്.

