പ്രൈമറി സ്കൂളുകള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുമായി ബിഎസ്എന്‍എല്‍

BIS-BSNLമണ്ണാര്‍ക്കാട്: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് യുപി, എല്‍പി സ്കൂളുകള്‍ക്കും ഇനിമുതല്‍ സൗജന്യ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കും. ഇതുമൂലം പ്രൈമറി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പഠന, ബോധനപ്രവര്‍ത്തനങ്ങള്‍ക്ക് അനന്ത സാധ്യതകള്‍ ലഭ്യമാകും. ജില്ലാ ഐടി അറ്റ് സ്കൂളുകളാണ് പദ്ധതി നടപ്പാക്കുന്നതിനു ജില്ലകളിലെ സ്കൂളില്‍ നേതൃത്വം നല്കുക.

സൗജന്യ സേവനമാണ് വിദ്യാലയങ്ങള്‍ക്കു ലഭിക്കുക. ഏതെങ്കിലും പ്രൈമറി വിദ്യാലയങ്ങളില്‍ ഇന്റര്‍നെറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഐടി അറ്റ് സ്കൂളിന്റെ ഇന്റര്‍നെറ്റ് സംവിധാനത്തിലേക്കു മാറണം. സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബിലാണ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തേണ്ടത്. ലാബ് സൗകര്യം ഇല്ലാത്ത സ്കൂളുകളില്‍ സ്മാര്‍ട്ട്ക്ലാസ് മുറിയിലോ മള്‍ട്ടിമീഡിയ മുറിയിലോ സ്ഥാപിക്കാം. അതുമല്ലെങ്കില്‍ സ്കൂള്‍ ഓഫീസ് മുറിയില്‍ താത്കാലിക സംവിധാനമെന്ന നിലയില്‍ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തണം. പിന്നീട് ലാബിലേക്കു മാറ്റേണ്ടതാണ്.

ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്ന കമ്പ്യൂട്ടറുകള്‍ക്കു  പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കണം. വൈഫൈയുടെ ദുരുപയോഗം തടയുന്നതിന് അതും പാസ്‌വേഡ് ഉപയോഗിച്ചു സുരക്ഷിതമാക്കണം. വിദ്യാലയത്തിലെ പ്രധാനാധ്യാപകന്റെയോ അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്നയാളുടെ അറിവോടെ മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പാടുള്ളൂ. സ്കൂളിനു ലഭ്യമാകുന്ന ഇന്റര്‍നെറ്റ് സൗകര്യം അക്കാദമിക്, ഭരണപരമായ കാര്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ. ഇതിനാവശ്യമായ സോഫ്റ്റ്‌വെയറുകള്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂവെന്നും നിര്‍ദേശമുണ്ട്.

ഫോണ്‍ കണക്ഷന്‍ ഇല്ലാത്ത സ്കൂളുകള്‍ക്കു കണക്ഷന്‍ നല്കിയാണ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുക. ഫോണ്‍ ബില്‍ സ്കൂളുകള്‍ അടയ്ക്കണം. ബില്ല് ലഭിക്കുമ്പോള്‍ അതില്‍ ഇന്റര്‍നെറ്റിനു ചാര്‍ജ് ഈടാക്കിയിട്ടില്ലെന്നു  ഹെഡ്മാസ്റ്റര്‍മാര്‍ ഉറപ്പുവരുത്തണം. പരാതി പരിഹാരത്തിനു ബിഎസ്എന്‍എല്‍, വെബ് പോര്‍ട്ടല്‍, കോള്‍ സെന്റര്‍, ജില്ലാ നോഡല്‍ ഓഫീസ്, ഐടി അറ്റ് സ്കൂള്‍ എന്നീ സംവിധാനങ്ങള്‍ ഉപയോഗിക്കാം.

സ്കൂളിലെ ഇന്റര്‍നെറ്റ് സൗകര്യം ദുരുപയോഗം ചെയ്താല്‍ ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശനനടപടി സ്വീകരിക്കുന്നതായിരിക്കും. ഇതിനായി ഐടി അറ്റ് സ്കൂളിന്റെ ഇലക്ട്രോണിക് മോണിറ്ററിംഗ് സംവിധാനവും വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പരിശോധനയും ഉപയോഗപ്പെടുത്തും.

Related posts