തൃശൂർ: ഗാലറിയിലെ ആവേശം കളത്തിൽ ഇറങ്ങാത്ത വിരസമത്സരത്തിൽ തൃശൂർ മാജിക് എഫ്സിയും തിരുവനന്തപുരം കൊന്പൻസും 1-1 സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിലായിരുന്നു രണ്ടു ഗോളുകളും. നാലാം മിനിറ്റിൽ കൊന്പൻസിന്റെ പോളോ വിക്ടറും 15-ാം മിനിറ്റിൽ തൃശൂരിന്റെ ഫൈസൽ അലിയുമായിരുന്നു സ്കോറർമാർ.
സമനിലയോടെ മാജിക് എഫ്സി കാലിക്കട്ടിനൊപ്പം പോയിന്റ് നിലയിൽ ഒന്നാമതെത്തി – 14 പോയിന്റ്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തുന്ന തിരുവനന്തപുരം 11 പോയിന്റോടെ മൂന്നാംസ്ഥാനത്തേക്കു കയറി.
നല്ലൊരു പോരാട്ടം പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശരാക്കുന്ന പ്രകടനത്തിനാണ് തൃശൂർ മുനിസിപ്പൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സ്വന്തം തട്ടകത്തിൽ മൂന്നാം മത്സരത്തിനിറങ്ങിയ തൃശൂർ തീർത്തും നിറംമങ്ങി. കൊന്പൻസിനുതന്നെയായിരുന്നു ഇന്നലെ തലയെടുപ്പ്.
തിരുവനന്തപുരത്തിന്റെ മുന്നേറ്റത്തോടെതന്നെയായിരുന്നു മത്സരത്തിന്റെ തുടക്കം. ആദ്യ ഫ്രീ കിക്ക് നേടിയതും അവർതന്നെ. പിറകേ സലാം രഞ്ജന്റെ ഹെഡർ ഗോളി കമാലുദീന്റെ കൈകളിലൊതുങ്ങിയെങ്കിലും പിറകേ മാജിക് നെറ്റിൽ ഗോൾ വീണു. അഞ്ചാംമിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ പന്ത് കൈവന്ന ലിമ സിൽവ പോളോ വിക്ടർ, തടയാനായി മുന്നോട്ടുകയറിയ കമാലുദീനെ നിസഹായനാക്കി ഗോൾ നേടുകയായിരുന്നു.
പതിമൂന്നാം മിനിറ്റിലാണ് ആദ്യമായി തൃശൂർ കൊന്പൻസിന്റെ ബോക്സിലെത്തിയത്. അഫ്സലിന്റെ ദുർബലമായ ഷോട്ട് ഗോളിയുടെ കൈകളിൽ അവസാനിച്ചു. മൂന്നുമിനിറ്റിനകം സമനില ഗോൾ. മികച്ച പാസിംഗിലൂടെ ഇവാൻ മാർക്കോവിച്ച് ബോക്സിന്റെ ഇടതുനിന്നു നൽകിയ പന്ത് മിഡ് ഫീൽഡർ ഫൈസൽ അലി മനോഹരമായൊരു ഷോട്ടിലൂടെ വലയിലെത്തിച്ചു. അതോടെ നിശബ്ദമായിരുന്ന ബ്ലൂഗഡീസ് ആരാധകക്കൂട്ടം ആർത്തിരന്പി. ചെണ്ടമേളങ്ങൾ ഉയർന്നു.
പിറകേ കൊന്പൻസിന്റെ റൊണാൾഡിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം മാജിക് ബോക്സിൽവരെ എത്തിയെങ്കിലും കൂട്ടപ്പൊരിച്ചിലിൽ ഷോട്ട് പുറത്തേക്കു പാഞ്ഞു. മുപ്പത്തേഴാംമിനിറ്റിലും വിക്ടർ അപകടകരമായി മുന്നേറി വന്നെങ്കിലും കോർണർവഴങ്ങി മാജിക് രക്ഷപ്പെട്ടു. ഇടവേളയ്ക്കുമുന്പ് വിക്ടറിന്റെതന്നെ നല്ലൊരു ഹെഡർ പുറത്തേക്കായതു തൃശൂരിന്റെ ഭാഗ്യമായി. മറുവശത്തു തൃശൂരിന്റെ നല്ലൊരു ഷോട്ട് ഗോളി സത്യജിത്ത് തട്ടിത്തെറിപ്പിച്ചെങ്കിലും റീബൗണ്ടിൽ തലവയ്ക്കാൻ ഓടിയെത്തിയ മാർക്കോ ഇവാനിവിച്ചിനായില്ല.
സമനിലയിൽ തീർന്ന ആദ്യപകുതിയിൽ മികച്ചുനിന്നതു കൊന്പൻസ് തന്നെയായിരുന്നു. മികച്ചൊരു മുന്നേറ്റംപോലും നെയ്തെടുക്കാൻ തൃശൂരിനായതുമില്ല. മാജിക് എഫ്സി ആരാധകക്കൂട്ടമായ ബ്ലൂഗഡീസ് ഒന്നുമില്ലാതെയും ഗാലറിയിൽ ആഘോഷിച്ചുകൊണ്ടിരുന്നു.
രണ്ടാംപകുതിയിൽ ഇരുടീമുകളും മത്സരത്തിന്റെ വേഗം കുറയ്ക്കുന്നതാണ് കണ്ടത്. സമനിലയായാലും മതിയെന്ന മട്ട്. ഇരുപക്ഷത്തേക്കും പന്ത് കയറിയിറങ്ങിയെങ്കിലും ലക്ഷ്യവേധിയായ നീക്കങ്ങളില്ലായിരുന്നു. 60-ാം മിനിറ്റിൽ തൃശൂരിന്റെ നല്ലൊരു നീക്കം ബോക്സിൽ അവസാനിച്ചു.
ഇഞ്ചുറി ടൈമിന്റെ അന്ത്യത്തിൽ റൊണാൾഡിന്റെ കനത്ത അടി മനോഹരമായി ഗോളി കമാലുദീൻ കുത്തിയകറ്റിയതും നിർണായകമായി. കോർണർ കിക്കിനു പിറകേ ഫൈനൽ വിസിലുയർന്നു.
ഡേവിസ് പൈനാടത്ത്

