റാന്നി: സ്വന്തം തിരഞ്ഞെടുപ്പിലും, ഉമ തോമസ്, ആന്റോ ആന്റണി, ചാണ്ടി ഉമ്മൻ തുടങ്ങി പ്രമുഖരുടെ തിരഞ്ഞെടുപ്പു ഗോദയിലും അവരെ പുഷ്പം പോലെ പാട്ടുപാടി വിജയിപ്പിച്ച ബീന ജോബി ഇക്കുറിയും സ്വന്തം തട്ടകത്തിൽ പാടുകയാണ്.“വോട്ടേകണേ സ്വന്തം ബീന ജോബിക്കായി.
നാം കാക്കണെ ജനകീയ രാഷ്ട്രീയം
ഇതിനായി നമുക്കായി ഒരുങ്ങാം ഇറങ്ങാം
വോട്ടേകണെ സ്വന്തം ബീന ജോബിക്കായി.”
നിറക്കൂട്ട് എന്ന സിനിമയിലെ പൂമാനമേ എന്ന പാട്ടിന്റെ ഈണത്തിൽ രാജു വല്ലൂരാൻ എഴുതിയ വരികൾക്ക് ഈണം പകർന്ന് ഓഡിയോ എഡിറ്റ് ചെയ്തത് സ്ഥാനാർഥി ബീന ജോബിയുടെ മകൻ അലൻ ജോബി കരോട്ടു പാറയാണ്. ബ്ലെസ്സിംഗ് റിക്കാർഡിംഗ് സ്റ്റുഡിയോ ആണ് ഓഡിയോ റിക്കാർഡിഗ് നിർവഹിച്ചത്.
നാറാണംമൂഴിയിലെ മൂന്നാം വാർഡായ ചെമ്പനോലിയിൽ മുൻ തെരഞ്ഞെടുപ്പിലും ബീന ജോബി യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടി വിജയിച്ചിരുന്നു. അന്നും വനിതാ സംവരണ വാർഡായിരുന്ന ചെമ്പനോലി ഇക്കുറിയും വനിതാ സംവരണമായതോടെയാണ് യു.ഡി.എഫ് സീറ്റിൽ മത്സരിക്കാനുള്ള അവസരം ബീന ജോബിയെ തേടിവന്നത്.
അന്ന് ആദ്യ വിജയത്തിൽ തന്നെ നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റാകാനുള്ള നിയോഗവും ബീന ജോബിക്ക് ലഭിച്ചിരുന്നു. വാർഡിലെ മുൻ മെമ്പർ ഷാജി പതാലിയുടെ ഭാര്യയും മുൻ മെമ്പറുമായിരുന്ന രജനി പതാലിയാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയും ബീന ജോബിയുടെ പ്രധാന എതിരാളിയും.

