ശബരിമല: കാക്കിക്കുള്ളിലെ കലാകാരന്മാര് വീണ്ടും ശബരിമല സന്നിധാനത്ത് ഒത്തുചേര്‍ന്നു. ശബരിമലയിലെ ടെലികമ്യൂണിക്കേഷന്‍ ടെക്നോളജി വിഭാഗം പോലീസ് സേനാംഗങ്ങളാണ് വലിയ നടപ്പന്തലിലെ ശ്രീശാസ്ത ഓഡിറ്റോറിയത്തില്‍ കരോക്കെ ഭക്തിഗാനമേള അവതരിപ്പിച്ചത്.
യേശുദാസ് പാടി അവിസ്മരണീയമാക്കിയ ‘കാനനവാസ കലിയുഗവരദാ’, ‘സ്വാമി സംഗീതം ആലപിക്കും’ തുടങ്ങിയ ഗാനങ്ങള്‍ സന്നിധാനത്ത് മുഴങ്ങിയപ്പോള്‍ അയ്യപ്പന്മാര് കാതോര്‍ത്തു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ രചിച്ച ‘കുടജാദ്രിയില്‍ കുടികൊള്ളും’ എന്നു തുടങ്ങുന്ന ഗാനവും വേദിയില്‍ ആലപിച്ചു.
പോലീസ് സേനാംഗങ്ങളായ ആര്. രാജന്, എം. രാജീവ്, ശ്രീലാല്‍ എസ്. നായര്‍, എ. ജി. അഭിലാഷ്, ശിശിര്‍ ഘോഷ് എന്നിവരാണ് ഗാനാര്‍ച്ചന നടത്തിയത്. സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ എം. എല്‍. സുനില്‍ സന്നിഹിതനായിരുന്നു.

