വാഷിംഗ്ടൺ ഡിസി: കീരിയും പാന്പും പോലെ പ്രസ്താവനകളിലൂടെ പരസ്പരം ആക്രമിച്ചിരുന്ന യുഎസ് പ്രസിഡന്റ് ട്രംപും ന്യൂയോർക്കിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച അപ്രതീക്ഷിതമാംവിധം സൗഹൃദപരമായി.
‘നൂറു ശതമനം കമ്യൂണിസ്റ്റ് വട്ടൻ’ എന്നുവിളിച്ച് ഒരിക്കൽ അധിക്ഷേപിച്ച മംദാനി തന്നെ അദ്ഭുതപ്പെടുത്തിയെന്ന് വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ട്രംപ് പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും അവ ഒഴിവാക്കി ന്യൂയോർക്ക് നഗരത്തിനുവേണ്ടിയുള്ള പൊതുകാഴ്ചപ്പാടുകൾ ചർച്ച ചെയ്യാൻ ട്രംപ് തയാറായതിനെ വിലമതിക്കുന്നതായി മംദാനി പറഞ്ഞു.
ട്രംപ് കസേരയിൽ ഇരുന്നും മംദാനി അരികിൽ നിന്നുമാണ് മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തത്. മംദാനിയുടെ ചില ഐഡിയകൾ തനിക്കുമുണ്ടെന്നു ട്രംപ് പറഞ്ഞു. ട്രംപ് ഏകാധിപതിയും ഫാസിസ്റ്റുമാണെന്ന മംദാനിയുടെ മുൻ വിമർശനങ്ങൾ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി.
ഈ ഘട്ടത്തിൽ മംദാനിയെ പ്രതിരോധിക്കുന്ന സമീപനമാണു ട്രംപ് സ്വീകരിച്ചത്. ഫാസിസ്റ്റ് എന്നതിനേക്കാൾ മോശമായ വിശേഷണം തനിക്ക് ആളുകൾ നല്കിയുട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ന്യൂയോർക്കിൽ വർധിച്ചുവരുന്ന വീട്ടുവാടക, അവശ്യസാധനങ്ങളുടെ വിലവർധന തുടങ്ങിയവയെക്കുറിച്ച് ട്രംപിനോടു ചർച്ച നടത്തിയതായി മംദാനി അറിയിച്ചു.

