കാസര്‍ഗോഡ്: കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനെ ഔദ്യോഗികവസതിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ മുല്ലച്ചേരി സ്വദേശി വി.കെ. ഉണ്ണികൃഷ്ണ (48) നെയാണ് ഇന്നു രാവിലെ ഒമ്പതോടെ വിദ്യാനഗര്‍ കോടതി പരിസരത്തെ ഔദ്യോഗികവസതയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ബന്ധുവിനെ ചായ വാങ്ങാനായി പുറത്തേയ്ക്ക് അയച്ചിരുന്നു. ബന്ധു തിരിച്ചെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. മുട്ടി വിളിച്ചെങ്കിലും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സമീപവാസികളെ വിവരമറിയിച്ചു.
ഇവരും മുട്ടിവിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ വിദ്യാനഗറിലെ സ്വകാര്യശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേയ്ക്കു കൊണ്ടുപോയി.
ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: സായികൃഷ്ണ (നാല്), ഗൗരികൃഷ്ണ (രണ്ട്). വിവരമറിഞ്ഞതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, എഡിഎം കെ.അംബുജാക്ഷന്‍, കെപിസിസി നിര്‍വാഹകസമിതിയംഗം എം.സി.ജോസ്, ഡിസിസി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് എന്നിവര്‍ ജനറല്‍ ആശുപത്രിയിലെത്തി.
കഴിഞ്ഞ ഞായറാഴ്ച കര്‍ണാടകയിലെ സുള്ള്യയില്‍ പോലീസുകാരനെയും ഓട്ടോഡ്രൈവറെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ വി.കെ. ഉണ്ണികൃഷ്ണനെതിരെ സുള്ള്യ പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി ഭരണവിഭാഗം ഇദ്ദേഹത്തെ ഇന്നലെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.