പരവൂർ: ഉത്സവവേളകളിലെ യാത്രക്കാരുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്ത് ട്രെയിനുകളിൽ കോച്ചുകൾ കൂട്ടിയതിലൂടെ കഴിഞ്ഞ ഏഴുമാസത്തിനിടെ 22 കോടി രൂപയുടെ അധികവരുമാനം ലഭിച്ചതായി ദക്ഷിണ റെയിൽവേ. പകലും രാത്രിയും സർവസ് നടത്തുന്ന വണ്ടികളിൽ സെക്കന്ഡ് എസി കോച്ചുകൾ, തേർഡ് എസി കോച്ചുകൾ എന്നിവയാണ് കൂടുതലായി ഉൾപ്പെടുത്തിയത്. പകൽതീവണ്ടികളിൽ എസി ചെയർകാർ കോച്ചുകളുടെ എണ്ണവും ഗണ്യമായി കൂട്ടിയിരുന്നു.
സ്ലീപ്പർ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചാണ് എസി കോച്ചുകൾ കൂട്ടിയത്. അതുപോലെ പരമാവധി എക്സ്പ്രസ് തീവണ്ടികളിൽ ജനറൽ കോച്ചുകളുടെ എണ്ണം നാലെണ്ണമായി വർധിപ്പിച്ചിരുന്നു. പലവണ്ടികളിലും കോവിഡിനുശേഷം രണ്ട് ജനറൽ കോച്ചുകളാണ് ഉണ്ടായിരുന്നത്. എല്ലാ എക്സ്പ്രസ് വണ്ടികളിലും ജനറൽ കോച്ചുകളുടെ എണ്ണം കോവിഡിന് മുൻപുണ്ടായിരുന്നതുപോലെ വർധിപ്പിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തെത്തുടർന്നാണ് വീണ്ടും നാലാക്കിയത്.
കൂടുതൽ വരുമാനം പ്രധാനമായും ലഭിച്ചത് എസി കോച്ചുകളിൽനിന്നാണ്. കഴിഞ്ഞ ആറുമാസത്തിനിടയിൽ ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്പ്രസിലും ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസിലും ഒരോ സെക്കൻഡ് എസി കോച്ച് വീതം കൂട്ടിയിരുന്നു. തമിഴ്നാട്ടിലെ വിവിധ തീവണ്ടികളിലും തേർഡ് എസി കോച്ചുകളുടെ എണ്ണം വർധിപ്പിച്ചിരുന്നു.
പകൽവണ്ടികളിൽ എസി ചെയർകാർ കോച്ചുകളുടെ എണ്ണവും കൂട്ടിയിരുന്നു.ഇപ്പോൾ ശബരിമല സീസണിലെ തിരക്ക് പ്രമാണിച്ച് കഴിഞ്ഞ ഒരാഴ്ചയായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പല ദീർഘദൂര ട്രെയിനുകളിൽ ഇത്തരത്തിൽ അധിക കോച്ചുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സ്ലീപ്പർ കോച്ചുകൾ കുറച്ച് എസി കോച്ചുകൾ കൂട്ടുന്നതിനെതിരേ യാത്രക്കാരും കേരളത്തിലെയും തമിഴ്നാട്ടിലെയും പാസഞ്ചർ അസോസിയേഷനുകളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ഈ പ്രതിഷേധം റെയിൽവേ മുഖവിലയ്ക്കെടുത്തില്ല. മുൻകാലങ്ങളിൽ തേർഡ് എസി കോച്ചുകൾ മാത്രമാണ് വർധിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ സെക്കൻഡ് എസി കോച്ചുകളുടെ എണ്ണവും കൂട്ടുന്നുണ്ട്. ഘട്ടംഘട്ടമായി എസി കോച്ചുകളുടെ എണ്ണം കൂട്ടുമെന്ന് മൂന്നുവർഷം മുൻപുതന്നെ റെയിൽവേ മന്ത്രാലയം അറിയിച്ചിരുന്നു.
ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് (ഐസിഎഫ്) ഫാക്ടറിയിൽ നിർമിക്കുന്ന സ്ലീപ്പർ കോച്ചുകളുടെ എണ്ണം ഇപ്പോൾ ഗണ്യമായി കുറച്ചിട്ടിട്ടുണ്ട്. പകരം എസി കോച്ചുകളാണ് കൂടുതൽ നിർമിക്കുന്നതെന്ന് ഐസിഎഫ് വൃത്തങ്ങൾ വ്യക്തമാക്കി. യാത്രക്കാർക്ക് കൂടുതൽ സുഖ സൗകര്യങ്ങൾ ഏർപ്പെടുത്തി വരുമാന വർധന തന്നെയാണ് റെയിൽവേ മന്ത്രാലയം ഇതു വഴി ലക്ഷ്യമിടുന്നത്.
- എസ്.ആർ. സുധീർ കുമാർ

