ചാത്തന്നൂർ: ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കും പള്ളികളിലെ പെരുന്നാളുകൾക്കും വൈദ്യുതിക്ക് വേണ്ടി ജനറേറ്റർ ഉപയോഗിച്ചാൽ വൈദ്യുതി ബോർഡിന് അധിക വൈദ്യുതിക്കുള്ള ചാർജ് അടയ്ക്കണം. ജനറേറ്റർ ഉപയോഗിക്കുന്നതിന് വൈദ്യുതി ബോർഡിൽ നിന്ന് മുൻകൂറായി അനുമതിയും നേടണം. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റേതാണ് പുതിയ നിർദേശങ്ങൾ.
വൈദ്യുതി ദീപാലങ്കാരങ്ങൾ തുടങ്ങിയവ അംഗീകൃത ലൈസൻസുള്ള കരാറുകാർക്ക് മാത്രമേ നല്കാവൂ. വൈദ്യുതി ദീപാലങ്കാരങ്ങൾക്ക് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. എർത്തിംഗ് സംവിധാനം പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. ഡബിൾ ഇൻസുലേഷൻ കേബിൾ സ്റ്റാൻഡേർഡ് കണ്ടക്ടർ എന്നിവയെ ഉപയോഗിക്കാവു.
ഉത്സവാഘോഷങ്ങൾ തീരും വരെ കരാറുകാരന്റെ സൂപ്പർ വൈസറോ വയർമനോ സ്ഥലത്തുണ്ടായിരിക്കണം.സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്കു വൈദ്യുതി സപ്ലൈ നീട്ടരുത്. വൈദ്യുതി ബോർഡിന്റെ തുണുകളിലോ മറ്റോ ദീപാലങ്കാരങ്ങൾ പാടില്ല, പ്ലാസ്റ്റിക് വയർ ഉപയോഗിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ അടങ്ങിയ കർശനവ്യവസ്ഥകളാണ് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് മുന്നോട്ട് വച്ചിട്ടുള്ളത്.
പ്രദീപ് ചാത്തന്നൂർ

