തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് 66 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. വലിയതുറ സ്വദേശികളും ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുമായ മൂന്നു യുവതികളും ഒരാളുടെ ഭര്‍ത്താവും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
രണ്ട് വര്‍ഷക്കാലയളവിനുള്ളില്‍ പ്രതികള്‍ 66 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദിയയുടെ അക്കൗണ്ടിന്റെ ക്യൂആര്‍ കോഡിനു പകരം പ്രതികളിലൊരാളുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. മോഷണം, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
തട്ടിപ്പുവിവരം ദിയ കണ്ടെത്തി ജീവനക്കാരികളെ താക്കീത് ചെയ്തപ്പോള്‍ ജീവനക്കാരികള്‍ ദിയയ്ക്കെതിരെയും പിതാവും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെയും വ്യാജപരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പ്രതികള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. തിരുവനന്തപുരം കോടതിയിലാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നത്.

