പരവൂർ: കേരളം വഴി സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളിൽ കൂടി എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനം.ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസ് എന്നിവയാണ് അടുത്ത വർഷം മുതൽ എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നത്. ചെന്നൈ -ആലപ്പുഴ എക്സ്പ്രസിൽ 2026 ഫെബ്രുവരി ഒന്നു മുതലും തിരികെയുള്ള ആലപ്പുഴ – ചെന്നൈ സർവീസിൽ ഫെബ്രുവരി രണ്ടു മുതലുമാണ് മാറ്റം പ്രാബല്യത്തിൽ വരിക.
ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് ഫെബ്രുവരി മൂന്നു മുതലാണ് എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നത്. തിരികെയുള്ള തിരുവനന്ദപുരം – ചെന്നൈ മെയിനിൽ ഫെബ്രുവരി നാലുമുതലും മാറ്റം പ്രാബല്യത്തിലാകുമെന്ന് തിരുവനന്തപുരം ഡിവിഷൻ ഓപ്പറേറ്റിംഗ് ബ്രാഞ്ച് അധികൃതർ അറിയിച്ചു. നിലവിൽ രണ്ട് ട്രെയിനുകളും 23 ഐസിഎഫ് കോച്ചുകളുമായാണ് സർവീസ് നടത്തുന്നത്. എൽഎച്ച്ബിയിലേക്ക് മാറുമ്പോൾ കോച്ചുകളുടെ എണ്ണം 20 ആയി കുറയും.
*സീറ്റുകൾ കുറയില്ല
എൽഎച്ച്ബി കോച്ചുകൾ വരുമ്പോൾ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കുറയുന്നത് എന്ത് കൊണ്ട് എന്നത് യാത്രക്കാർക്കിടയിൽ സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ്. ട്രെയിനുകൾക്ക് പുതുതായി എൽഎച്ച്ബി കോച്ചുകൾ അനുവദിക്കുമ്പോൾ കോച്ചുകളുടെ എണ്ണം കുറയുന്നതായി വ്യാപക പരാതികൾ ഉണ്ടായിട്ടു മുണ്ട്. എന്നാൽ ഇതിൽ കഴമ്പില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 24 ഐസിഎഫ് കോച്ചുകൾ ഉള്ള വണ്ടിക്ക് എൽഎച്ച്ബി കോച്ച് ആകുമ്പോൾ 22 കോച്ച് ആകുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ ഇങ്ങനെയാണ്:
ഒരു ഐസിഎഫ് കോച്ചിന്റെ നീളം 21.33 മീറ്റർ ആണ്. ഒരു എൽഎച്ച്ബി കോച്ചിൻ്റെ നീളം 23.54 മീറ്റർ ആണ്. കോച്ചിന്റെ നീളം കൂടുന്നതിന്റെ കൂടെ, സീറ്റുകളുടെ എണ്ണത്തിലും വർധന ഉണ്ട്. ഒരു കോച്ചിൽ ഒരു “ബേ” അധികമായി ലഭിക്കും. ഒരു ബേ എന്ന് പറയുമ്പോൾ സ്ലീപ്പറിൽ എട്ട് ബെർത്ത് അധികം ലഭിക്കും. ജനറൽ കോച്ച് ആണെങ്കിൽ 10 സീറ്റ് അധികം ലഭിക്കും. ഒരു ഐസിഎഫ് കോച്ചിൽ 72 ബെർത്ത് ആണ് ഉള്ളത്. അതേസമയം, ഒരു എൽഎച്ച്ബി കോച്ചിൽ 80 ബെർത്ത് ആണ് ഉള്ളത്.
24 കോച്ച് ഉള്ള ഒരു ഐസിഎഫ് റേക്കിൻ്റെ നീളം 511.92 മീറ്റർ ആണ്. അതേ സമയം 22 കോച്ചിന്റെ എൽഎച്ച്ബി റേക്കിന്റെ നീളം 517.88 മീറ്റർ ആണ്. ചുരുക്കി പറഞ്ഞാൽ ഐസിഎഫ് കോച്ചിനേക്കാൾ നീളം ഉണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ നീളം സാധാരണ ഒരു 525-540 മീറ്റർ ആണ്.
അതായത്, 22 കോച്ചിൽ കൂടുതൽ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ് എന്ന് ഇതിൽ നിന്ന് വ്യക്തം. കോച്ചുകളുടെ എണ്ണം കുറയുമ്പോഴും, ബെർത്തുകളുടെ എണ്ണം കുറയില്ല എന്നതാണ് ഏറ്റവും പ്രധാനം റെയിൽവേയുടെ നയം എല്ലാ വണ്ടിയിലും നാല് ജനറൽ കോച്ച് എന്നാണ്. ദീർഘദൂര വണ്ടികളിൽ കൂടുതലും റിസർവേഷൻ കോച്ചുകൾ ആണ് നൽകുക.
- എസ്.ആർ. സുധീർ കുമാർ

