നമ്പര്‍ വണ്‍ ജപ്പാന്
ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ജപ്പാനാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ജപ്പാന് ഒന്നാം സ്ഥാനത്ത് എത്തുന്നത്. പ്രകൃതി സൗന്ദര്യം, സംസ്കാരം, ഭക്ഷണ വൈവിധ്യങ്ങള്‍, ആതിഥ്യമര്യാദ എന്നിവയാണ് ജപ്പാന് ജനപ്രീതി നേടുന്നതിന് കാരണമെന്ന് സഞ്ചാരികള്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടിലേക്ക് കുതിച്ച് ഗ്രീസ്
2024ല്‍ പത്താം സ്ഥാനത്തായിരുന്ന ഗ്രീസ് വന്‍ കുതിച്ചുചാട്ടത്തിലൂടെ ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഗ്രീസിന്റെ നിരവധി ദ്വീപുകളും റിസോര്‍ട്ടുകളും യൂറോപ്പിലെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടിയതും ഈ റാങ്കിംഗിന് കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്.
പാരമ്പര്യത്തിൽ സമ്പന്നം പോര്‍ച്ചുഗല്‍
ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ രാജ്യമായി പോര്‍ച്ചുഗലാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അല്‍ഗാര്‍വിലെ മനോഹരമായ ബീച്ചുകളും വടക്കന്‍ പ്രദേശത്തെ പര്‍വതനിരകളും മുതല്‍ മദീര, അസോറസ് എന്നീ മനോഹരമായ ദ്വീപസമൂഹങ്ങള്‍ വരെ, വൈവിധ്യമാര്‍ന്ന പ്രകൃതി സൗന്ദര്യം പ്രദാനം ചെയ്യുന്ന ഒരു രാജ്യമാണ് പോര്‍ച്ചുഗല്‍.
പുരാതനമായ കൊട്ടാരങ്ങള്‍, പരമ്പരാഗത ഫാഡോ സംഗീത വിഭാഗം, നിരവധി യുനെസ്കോ ലോക പൈതൃക സ്ഥലങ്ങള്‍ എന്നിവയാല്‍ പോര്‍ച്ചുഗല്‍ സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകമാണ് കാത്തുസൂക്ഷിക്കുന്നത്.
ലോകപൈതൃകങ്ങളുടെ ഇറ്റലി
ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി ഇറ്റലി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളുള്ള യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി. റോമിലെ കൊളോസിയവും ഫ്ളോറന്‍സിലെ നവോഥാനവും ഉള്‍പ്പെടെ കലയും പുരാതന അവശേഷിപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇറ്റലിയുടെ നഗരങ്ങള്‍.
ടേസ്റ്റി സ്പെയിന്
സംസ്കാരം, വൈവിധ്യമാര്‍ന്ന പ്രകൃതിദൃശ്യങ്ങള്‍, രുചികരമായ ഭക്ഷണം എന്നിവയ്ക്ക് പേരുകേട്ട രാജ്യമാണ് സ്പെയിന്. പരമ്പരാഗത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കപ്പുറം ബാസ്ക് കണ്ട്രി, ഗ്രാനഡ തുടങ്ങിയ പ്രദേശങ്ങളില്‍ പുതിയ സാഹസികതകള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ആറാമതായി തുര്‍ക്കി
ലോകത്തിലെ ഏറ്റവും മികച്ച ആറാമത്തെ രാജ്യമായി സഞ്ചാരികള്‍ തെരഞ്ഞെടുത്തിരിക്കുന്നത് തുര്‍ക്കിയെയാണ്. ഊഷ്മളമായ ആതിഥ്യം, ഊര്‍ജസ്വലമായ സംസ്കാരം, ലോകോത്തര യാത്രാനുഭവങ്ങള്‍ എന്നിവയാണ് തുര്‍ക്കിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. ദേശീയ സുസ്ഥിര ടൂറിസം പരിപാടി തുര്‍ക്കിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി.
ബ്യട്ടിഫുള്‍ ലാന്‍ഡ് അയര്‍ലന്‍ഡ്
അയര്‍ലന്‍ഡാണ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്. പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങള്‍, ആകര്‍ഷകമായ സംസ്കാരം, പബ്ബുകള്‍, പ്രകൃതി സൗന്ദര്യം എന്നിവയാല്‍ നിരന്തരമായി സഞ്ചാരികളുടെ ഹൃദയം കവരുന്ന രാജ്യമാണ് അയര്‍ലന്‍ഡ്.
ഒരായിരം ദ്വീപുകളുള്ള ക്രൊയേഷ്യ
പട്ടികയില്‍ എട്ടാം സ്ഥാനത്ത് ക്രൊയേഷ്യയാണ്. ആയിരത്തിലധികം ദ്വീപുകളുള്ള മനോഹരമായ ഡാല്‍മേഷ്യന്‍ തീരം മുതല്‍ തടാകങ്ങളും ദേശീയോദ്യാനങ്ങളുമുള്ള ഉള്‍നാടന്‍ പ്രദേശങ്ങള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന പ്രകൃതിദൃശ്യങ്ങള്‍ ക്രൊയേഷ്യയെ വ്യത്യസ്തമാക്കുന്നു.
പുരാതന റോമന്‍ അവശേഷിപ്പുകള്‍, പഴയകാല പട്ടണങ്ങള്‍, യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തെ സന്ദര്‍ശകര്‍ വിലമതിക്കുന്നു.
മുന്തിരിത്തോട്ടങ്ങളിലെ ഫ്രാന്‍സ്
മുന്തിരിത്തോട്ടങ്ങള്‍, പര്‍വത ഗ്രാമങ്ങള്‍, സംസ്കാരം എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ കൊണ്ട് ഫ്രാന്‍സ് സഞ്ചാരികളുടെ മനസില്‍ പതിവായി ഇടംനേടുന്നു. ചരിത്രം, നഗരങ്ങള്‍, പര്‍വതങ്ങള്‍, ബീച്ചുകള്‍, ഗ്യാസ്ട്രോണമി, വൈന്‍ നിര്‍മാണം എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ആകര്ഷണങ്ങള് ഫ്രാന്‍സ് സഞ്ചാരികള്‍ക്കായി കാത്തുവെച്ചിട്ടുണ്ട്.
അനുഭവങ്ങളുടെ കാനഡ
ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഏക വടക്കേ അമേരിക്കന്‍ രാജ്യമാണ് കാനഡ. അപൂര്‍വമായ പ്രകൃതി സൗന്ദര്യം, സാംസ്കാരിക വൈവിധ്യം, സഞ്ചാരികള്‍ക്ക് നല്കുന്ന ആഴത്തിലുള്ള അനുഭവങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ട കാനഡയാണ് പട്ടികയില്‍ പത്താം സ്ഥാനത്ത്.
പതിനാലാം രാവുദിക്കുന്ന ഇന്ത്യ
പട്ടികയില്‍ 14-ാം സ്ഥാനത്താണ് ഇന്ത്യ. ആത്മീയത, സംസ്കാരം, പ്രകൃതിഭംഗി, ആധുനികത എന്നിവയാണ് ഇന്ത്യയെ ആകര്‍ഷകമാക്കുന്നത്. ഭൂപ്രകൃതി, നഗര, പ്രകൃതിദൃശ്യങ്ങള്‍ എന്നിവയുടെ വൈവിധ്യങ്ങള്‍ സഞ്ചാരികള്‍ക്ക് ഇന്ത്യയെ പ്രിയപ്പെട്ടതാക്കുന്നു.

