തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ പോലീസ് കേസ് എടുത്തതിന് പിന്നാലെ അതിജീവിതയെ വിമർശിച്ച് മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥിയുമായ ആർ. ശ്രീലേഖ. ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല, ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് ശ്രീലേഖ. പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ എന്നു ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.
ശബരിമല സ്വർണക്കൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ എന്നുള്ള ചോദ്യവും ശ്രീലേഖ ഉന്നയിച്ചിട്ടുണ്ട്. താൻ ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രമാണെന്നും ഇരകളെ സംരക്ഷിക്കുക എന്നതിൽ കാലതാമസമോ വീഴ്ചയോ വരാൻ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ആർ. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഞാൻ ഇപ്പോഴും എപ്പോഴും അതിജീവി തക്കൊപ്പം മാത്രം…
ഇത്ര നാൾ അവൾ എന്തുകൊണ്ട് പരാതി നൽകിയില്ല? ഇത്രനാൾ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം! ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി എന്ന ആശങ്ക മാത്രം!
പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ? അതോ ശബരിമലയിൽ സ്വർണകൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?ഞാനൊരമ്മയാണ്, മുൻ പോലീസുദ്യോഗസ്ഥയാണ്… ഇരകളെ സംരക്ഷിക്കുക എന്നതിൽ കാലതാമസമോ വീഴ്ചയോ വരാൻ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു!

