കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീയെ ഓട്ടോറിക്ഷയില്‍ എത്തിച്ച ഡ്രൈവറെ പോലീസ് കണ്ടെത്തി. എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി രതീഷിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്ത്രീയെ കൊല ചെയ്ത പ്രതിയും വീട്ടുടമയുമായ കോന്തുരുത്തി സ്വദേശി ജോര്‍ജ് (61) എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇയാളുടെ ഓട്ടോറിക്ഷയിലാണ് ജോര്‍ജിന്റെ കോന്തുരുത്തിയിലെ വീട്ടില്‍ എത്തിച്ചത്. ഇയാള്‍ക്ക് പ്രതി ജോര്‍ജുമായി ബന്ധമുണ്ടോയെന്നും മുമ്പും ഇത്തരത്തില്‍ ലൈംഗികത്തൊഴിലാളികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിട്ടുണ്ടോയെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്.
കേസിലെ പ്രതി ജോര്‍ജിന് മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്. സൗത്ത് എസ്എച്ച്ഒ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
കഴിഞ്ഞ 21 ന് രാത്രി എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിനു സമീപത്തു നിന്നാണ് ജോര്‍ജ് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തിയ ശേഷം സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഇയാള്‍ പിന്നീട് പണത്തെ ചൊല്ലി അവരുമായി തര്‍ക്കമുണ്ടായി. 500 രൂപ കൂലി പറഞ്ഞാണ് സ്ത്രീയെ കൂട്ടിക്കൊണ്ടുവന്നത്.
എന്നാല്‍ പാലക്കാട് സ്വദേശിയായ സ്ത്രീ പൈസ കൂട്ടി ചോദിച്ചത് മദ്യലഹരിയിലായിരുന്ന ജോര്‍ജിനെ പ്രകോപിപ്പിച്ചു. വാക്കേറ്റത്തിനൊടുവില്‍ വീട്ടിലുണ്ടായിരുന്ന ഇരുമ്പ് പാരക്കൊണ്ട് ഇയാള്‍ സ്ത്രീയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അതിനുശേഷം കയറുകൊണ്ട് വലിച്ചിഴച്ച് മൃതദേഹം പുറത്തേക്ക് എത്തിക്കാനുള്ള ശ്രമത്തില്‍ മദ്യപിച്ചിരുന്നതിനാല്‍ ജോര്‍ജ് കുഴഞ്ഞു പോയി. പിന്നീടാണ് മൃതദേഹത്തിനു സമീപം കിടന്ന് ഉറങ്ങിയത്.
22-ന് രാവിലെ ആറിനാണ് ഹരിത കര്‍മസേനാംഗത്തിലെ സ്ത്രീ ജോര്‍ജിന്റെ വീട്ടുവളപ്പില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തെ മതിലില്‍ ചാരിയിരുന്ന് ഉറങ്ങുന്ന നിലയില്‍ ജോര്‍ജും ഇരിപ്പുണ്ടായിരുന്നു. ജോര്‍ജ് വര്‍ഷങ്ങളായി കുടുംബസമേതം കോന്തുരുത്തിയില്‍ താമസിക്കുകയാണ്.
മകളുടെ കുഞ്ഞിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് 20-ന് ജോര്‍ജും ഭാര്യയും പാലായിലെ മകളുടെ വീട്ടില്‍ എത്തിയിരുന്നു. ഇതിനുശേഷം ഭാര്യയെ മകളുടെ വീട്ടില്‍ നിര്‍ത്തിയ ശേഷം വ്യാഴാഴ്ച രാത്രി ജോര്‍ജ് കോന്തുരുത്തിയിലെ വീട്ടില്‍ തനിച്ച് എത്തി. വീട്ടിലേക്ക് പോരുന്ന വഴിയിലാണ് സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്ന് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ കൂടെ കൂട്ടിയത്.

