ചെന്നൈ: ശ്രീലങ്കൻ തീരത്തിനടുത്ത് രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്കു നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. “ഡിറ്റ്വ’ എന്നു പേരിട്ട ചുഴലിക്കാറ്റ് കനത്ത ചുഴലിക്കാറ്റായി മാറാൻ സാധ്യതയില്ലെന്നും കാലാവസ്ഥാവകുപ്പ് പറഞ്ഞു. നാളെ വൈകുന്നേരം മുതൽ മറ്റന്നാൾ രാവിലെ വരെ തമിഴ്നാട്-പുതുച്ചേരി-തെക്കൻ ആന്ധ്രാപ്രദേശ് ഭാഗത്തേക്ക് “ഡിറ്റ്വ’ പ്രവേശിക്കുമെന്നാണ് പ്രവചനം.
ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറിൽ 60-80 കിലോമീറ്റർ വരെയാകാനും ചിലപ്പോൾ 90 കിലോമീറ്റർ വരെ എത്താനും സാധ്യതയുണ്ട്. കേരളം, ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളോട് ചേർന്നുള്ള അറബിക്കടലിന്റെ ചില ഭാഗങ്ങളിലും ശക്തിയായ കാറ്റു വീശാൻ സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
തമിഴ്നാട്ടിലെ തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിയായി മഴ മുന്നറിയിപ്പുണ്ട്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപ്പേട്ട്, ചെങ്കൽപേട്ട് ഉൾപ്പെടെ അഞ്ച് സമീപ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെത്തുടർന്ന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ നടത്താൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദേശം നൽകി.
ആന്ധ്രാപ്രദേശിൽ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ശ്രീലങ്കൻ തീരത്തും രൂപപ്പെട്ട ന്യൂനമർദ്ദം വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. തെക്കൻ തീരദേശ ആന്ധ്രയിലും രായലസീമയിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചിറ്റൂർ, തിരുപ്പതി, നെല്ലൂർ, പ്രകാശം, വൈഎസ്ആർ കടപ്പ, അന്നമയ്യ, ശ്രീ സത്യസായി ജില്ലകളിൽ രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നു മുതൽ ഡിസംബർ ഒന്നുവരെ പുതുച്ചേരിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ശ്രീലങ്കയിൽ മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും 47 പേർ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. ഏഴു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

