ആലപ്പുഴ: ക്രിസ്മസിനോടും ന്യൂ ഇയറിനോടുമനുബന്ധിച്ച് വിനോദസഞ്ചാരികളുടെ വരവ് ആരംഭിച്ചെങ്കിലും ആലപ്പുഴ ബീച്ച് അസൗകര്യങ്ങളില്‍ ഉഴറുന്നു. കേരളത്തിലെ ഏറ്റവും വലിയ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ആലപ്പുഴ. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. ബീച്ചില്‍ അസൗകര്യങ്ങള്‍ വിലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഡിസംബര്‍ അവസാനത്തോടെ വിനോദസഞ്ചാരികള്‍ കൂടുതലായി എത്തും. വിനോദസഞ്ചാരികളില്‍ ഏറെ പേരും ആലപ്പുഴ ബീച്ചില്‍ വരുന്നവരാണ്.
നിര്‍മാണത്തില്‍ വലഞ്ഞ്
ബൈപാസ് നിര്‍മാണം നടത്തുന്ന ദേശീയപാത അഥോറിറ്റി ബീച്ചിന്റെ പ്രാധാന്യം ഒരു ഘട്ടത്തിലും പരിഗണിച്ചില്ല. ബൈപാസിന്റെ രണ്ടാം ഘട്ട നിര്‍മാണം വന്നതോടെ ബീച്ചിന്റെ സ്ഥലം നഷ്ടമായി. പാലത്തിനു വേണ്ടിവരുന്ന ഗര്‍ഡറുകളും മറ്റ് കൂറ്റന്‍ സാമഗ്രികളും ഇവിടെ നിരത്തിവച്ചു.
ആളുകള്‍ക്ക് ബീച്ചിലേക്ക് പ്രവേശിക്കാനും വാഹനങ്ങള്‍ നിര്‍ത്തിയിടാനും ഇത് തടസമാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയെന്നത് വലിയ പ്രയാസമായതോടെ ബീച്ചിലേക്കുള്ള ആളുകളുടെ വരവിലും വലിയ കുറവുണ്ടായിട്ടുണ്ട്.
ടൂറിസം വകുപ്പിന്റെ അനാസ്ഥ
ബീച്ചിലെ മണലും കടല്‍ക്കാഴ്ചകളും മാത്രമാണ് ആലപ്പുഴ ബീച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കുട്ടികള്‍ക്ക് ഉല്ലാസത്തിനായി നിര്‍മിച്ച വിജയ് പാര്‍ക്ക് മറ്റൊരു ആകര്‍ഷണമാണ്. ഇതെല്ലാം കാലാകാലങ്ങളില്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും വേണ്ടത്ര ജാഗ്രത പാലിച്ചിട്ടില്ല.
പ്രതിവര്‍ഷം 30 ലക്ഷത്തിലേറെ രൂപ വിജയ് പാര്‍ക്കിലെ ടിക്കറ്റ് വില്പനയില്നിന്നു മാത്രം ലഭിക്കുന്നുണ്ട്. കൂടാതെ കടകളുടെ വാടക ഇനത്തിലും വരുമാനമുണ്ട്. എന്നിട്ടും പാര്‍ക്കും ബീച്ചും സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.
പഴകി തുരുമ്പെടുത്ത നിര്‍മിതികള്‍
ബീച്ചിലെ നിര്‍മിതികളെല്ലാം പഴകി തുരുമ്പെടുത്തുകഴിഞ്ഞു. പ്രധാന ഗേറ്റ്, പാര്‍ക്കിലെ കളി ഉപകരണങ്ങള്‍, വിശ്രമസ്ഥലങ്ങള്‍, കടലിന്റെ സൗന്ദര്യം കണ്ടു നടക്കാനുള്ള നടപ്പാത, അലങ്കാര വിളക്കുകള്‍ തുടങ്ങിയതെല്ലാം അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ തകര്‍ന്നു നശിച്ചിരിക്കുകയാണ്. സ്വകാര്യവ്യക്തിക്ക് വാടകയ്ക്കു കൊടുത്തിരുന്ന നീന്തല്‍ കുളത്തിന്റെ തിട്ടകള്‍ തകര്‍ന്നു. കുളത്തിന്റെ മധ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള മത്സ്യകന്യകയുടെ ശില്പം വികൃതമായി. പലതരം കളിസ്ഥലങ്ങള്ക്കുവേണ്ടി നിര്‍മിച്ച ചെറിയ കെട്ടിടങ്ങള്‍ തകര്‍ന്നു.
നിര്‍മാണങ്ങള്‍ ദോഷകരം
ബീച്ചില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബീച്ചിന്റെ സ്വാഭാവിക ഭംഗി നശിപ്പിക്കുന്നതായി സഞ്ചാരികള്‍ കുറ്റപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്ശന് പദ്ധതിയുടെ ഭാഗമായി ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബീച്ചില്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ പാര്‍ക്ക് മണ്ണിട്ടുയര്‍ത്തി വെള്ളക്കെട്ട് പരിഹരിക്കാനെന്ന പേരില്‍ രണ്ടു കോടി രൂപയുടെ പദ്ധതിയും ചെയ്യുന്നുണ്ട്.
ഇപ്പോള്‍ തന്നെ സ്ഥലം കുറഞ്ഞുവരുന്ന ബീച്ചില്‍ നിര്‍മാണങ്ങള്‍ കൂടി വരുമ്പോള്‍ ബീച്ചിന്റെ ആകര്‍ഷണീയത കുറയുമെന്ന് ആളുകള്‍ കുറ്റപ്പെടുത്തുന്നു. ബീച്ചും പാര്‍ക്കും വിനോദസഞ്ചാരികള്‍ക്കു സുരക്ഷിതമായി ഉപയോഗിക്കാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നു നാട്ടുകാരും വിവിധ സംഘടനകളും ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.

