നെടുമുടി: കൊയ്ത്ത് കഴിഞ്ഞ കുട്ടനാടൻ പാടശേഖരങ്ങളിൽ വൈക്കോലിനു തീയിടുന്നവർ ശ്രദ്ധിക്കുക… ഇത് നിങ്ങൾക്കു തന്നെ അപകടം വരുത്തിവയ്ക്കും.അപകടം നിറഞ്ഞതും അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നതുമായ തീയിടീൽ നടത്തരുതെന്ന് അധികൃതർ പലതവണ നിർദേശം നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇതു പാലിക്കപ്പെടാറില്ല.
എന്തുകൊണ്ട് തീയിടരുത്
നിങ്ങളുടെ ജീവനുതന്നെ ഭീഷണിയാകാം.പാടത്തെ വൈക്കോലിനിട്ട തീ പടർന്ന് മനുഷ്യർ പൊള്ളലേറ്റു മരിച്ച ഒന്നിലധികം സംഭവങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ കുട്ടനാട്ടിൽ തന്നെ ഉണ്ടായിട്ടുണ്ട്.
യാതൊരു മുൻകരുതലുകളും എടുക്കാതെയാണ് പലരും പാടശേഖരങ്ങളിൽ തീ കത്തിക്കുന്നത്. തീ പടർന്നാൽ രക്ഷപ്പെടാനോ ഓടിമാറാനോ പോലും സാധിക്കാത്ത സാഹചര്യമാണ് പല നിലങ്ങളിലും നിലവിലുള്ളത്. വൈക്കോലിനിട്ട തീ സമീപ പുരയിടങ്ങളിലേക്കും കൊയ്തു കൂട്ടിയ നെല്ലിലേക്കും പടർന്ന് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അഗ്നിശമന സേന തീയണച്ച സംഭവങ്ങളും അനവധി.
പുക പ്രശ്നങ്ങളുണ്ടാക്കാം
പാടത്തുനിന്നുയരുന്ന പുക റോഡിലേക്കെത്തി കാഴ്ചമറയ്ക്കുന്നതിനാൽ വാഹനമോടിക്കുന്നവരെ ഇത് അപകടത്തിലാക്കിയ സംഭവങ്ങളും പല തവണ റിപ്പോർട്ടു ചെയ്തിട്ടുള്ളതാണ്.ഇത് അന്തരീക്ഷ മലിനീകരണ തോത് വർധിപ്പിക്കുകയും ചൂട് കൂട്ടുകയും ചെയ്യും.
വിവിധ തരം രാസവളങ്ങളും കീടനാശിനികളും നെൽകൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. ഇവയുടെ അവശിഷ്ടങ്ങളും മറ്റും വൈക്കോലിന് തീ ഇടുന്നതോടുകൂടി അന്തരീക്ഷത്തിൽ കലരുന്നതും പ്രകൃതിക്ക് വലിയ ദോഷം സംഭവിപ്പിക്കാം.

