പാവപ്പെട്ടവര്‍ എനിക്കൊപ്പം! പാവപ്പെട്ട ജനങ്ങള്‍ സുഖമായി ഉറങ്ങുകയാണ്; കള്ളപ്പണക്കാര്‍ ഉറക്കത്തിനായി ഗുളിക കഴിക്കുകയാണെന്നും മോദി

Modiഘാസിപുര്‍ (ഉത്തര്‍പ്രദേശ്): 500 രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തെ രാജ്യത്തെ പാവപ്പെട്ട ആളുകള്‍ അനുകൂലിക്കുന്നു എന്നും ജനങ്ങള്‍ തനിക്കൊപ്പമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അനധികൃത സമ്പാദ്യമുള്ളവര്‍ക്കും കള്ളപ്പണക്കാര്‍ക്കും ഇപ്പോള്‍ ഉറക്കമില്ലാത്ത രാത്രികളാണെന്നും ഉറക്കത്തിനായി അവര്‍ ഗുളിക കഴിക്കുകയാണെന്നും പരിഹസിച്ച മോദി, പാവപ്പെട്ട ജനങ്ങള്‍ സുഖമായി ഉറങ്ങുകയാണെന്നും കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നോട്ട് പിന്‍വലിച്ചതിനു ജനകീയ പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമമാണ് ജനങ്ങളെ അഭിസംബോധന ചെയ്യവെ തുടര്‍ച്ചയായ രണ്ടാം ദിനവും മോദി നടത്തിയത്. ഞായറാഴ്ച ഗോവയിലെ മോപ്പ വിമാനത്താവളം ഉദ്ഘാടനം ചെയ്തു സംസാരിച്ചപ്പോഴും മോദി ഇക്കാര്യം പറഞ്ഞിരുന്നു.

നോട്ട് പിന്‍വലിക്കലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേയും മോദി ആഞ്ഞടിച്ചു. പടുകൂറ്റന്‍ നോട്ടുമാലകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ നടപടിയെ അവര്‍ വിമര്‍ശിക്കുകയാണ്. എന്നാല്‍, മോദിജീ താങ്കള്‍ ചെയ്തത് നല്ലകാര്യമാണെന്നു ചില പാര്‍ട്ടി നേതാക്കള്‍ രഹസ്യമായി പറയുകയും അതോടൊപ്പം അണികളെ ഉപയോഗിച്ച് പ്രതിഷേധം നടത്തുകയുമാണെന്നും ആരുടെയും പേരു പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.

നോട്ട് പിന്‍വലിക്കല്‍ നടപടി സ്വീകരിച്ചപ്പോള്‍ നിരവധി ക്ലേശങ്ങള്‍ സഹിക്കേണ്ടിവരുമെന്ന് അറിയാമായിരുന്നു. പാവങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ഇറങ്ങിത്തിരിച്ചതില്‍ മാറ്റമില്ല. വളരെ ശക്തരുടെ കൈവശമാണ് പണം കൂടുതലും. അവര്‍ക്കെതിരേയാണു പോരാടുന്നതെന്നും, അതു കഠിനമാണെന്നും അറിയാം: മോദി പറഞ്ഞു.

തന്റെ ചെറുപ്പകാലത്ത് പാവപ്പെട്ടവര്‍ സ്ഥിരമായി കടുപ്പമുള്ള ചായ ആവശ്യപ്പെട്ടിരുന്നു. പണക്കാരന്റെ രുചിക്ക് അതു വിരുദ്ധമായിരുന്നു. നോട്ട് പിന്‍വലിക്കാനുള്ള തന്റെ തീരുമാനം കടുപ്പമേറിയതായിരുന്നു. മാസങ്ങള്‍ നീണ്ട തയാറെടുപ്പിനൊടുവിലാണ് ഇതു നടപ്പാക്കിയത് –മോദി കൂട്ടിച്ചേര്‍ത്തു.

നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്ത ബിഎസ്പി നേതാവ് മായാവതിയെയും മോദി വിമര്‍ശിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണെന്ന് ബിഎസ്പി, എഎപി, എസ്പി തുടങ്ങിയ പാര്‍ട്ടികളെ പരോക്ഷമായി സൂചിപ്പിച്ച് മോദി പരിഹസിച്ചു.

മോദി രാജ്യത്തെ സാധാരണക്കാരെ ആക്ഷേപിക്കുന്നു: മമത ബാനര്‍ജി

കോല്‍ക്കത്ത: 500 രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷവും രാജ്യത്തെ പാവങ്ങള്‍ സുഖമായി ഉറങ്ങുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ ആക്ഷേപിക്കുന്നതാണെന്നു പറഞ്ഞ മമത, മോദി ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്നും ട്വീറ്റ് ചെയ്തു.

നോട്ട് റദ്ദാക്കല്‍ ജനങ്ങളെ ആകെ വലച്ചിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം സാമ്പത്തിക മാന്ദ്യമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. ദുരിതത്തില്‍ കഴിയുന്ന ജനങ്ങളെ ഇതു കൂടുതല്‍ തളര്‍ത്തും. 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നു എന്ന പ്രഖ്യാപനത്തിനു ശേഷം ആറു ദിവസംകൊണ്ട് ജിഡിപിയില്‍ 1.5 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്–മമത പറഞ്ഞു.

Related posts