ബഹിഷ്കരണസമരം പിന്‍വലിച്ചു; കുട്ടനാട്ടില്‍ നെല്ലുസംഭരണം തുടങ്ങി

alp-nelluഎടത്വ: സര്‍ക്കാര്‍ സംഭരണ ചെലവ് വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ച് മില്ലുടമകള്‍ നടത്തിവന്ന ബഹിഷ്കരണസമരം പിന്‍വലിച്ചു. കുട്ടനാട്ടില്‍ നെല്ലുസംഭരണം ആരംഭിച്ചു. സ്വകാര്യമില്ലുടമകള്‍ മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ആയത്. ബുധനാഴ്ച രാത്രി 11 ഓടെ സംഭരണചെലവു കൂട്ടി നല്‍കാന്‍ മന്ത്രിസഭാ യോഗം നിലപാട് എടുക്കുകയായിരുന്നു. കുട്ടനാട്ടില്‍ വിളവെടുപ്പ് സീസണ്‍ ആരംഭിച്ചതോടെ സ്വകാര്യ നെല്ലുസംഭരണ ഏജന്‍സികള്‍ക്കു സര്‍ക്കാര്‍ നല്‍കിയിരുന്ന സംഭരണചെലവ് വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്കു കാരണമായത്. കഴിഞ്ഞ സീസണില്‍ സംഭരണചെലവിനെ ചൊല്ലി ഏജന്‍സികള്‍ നെല്ലെടുപ്പ് ബഹിഷ്കരിച്ചിരുന്നു.

സര്‍ക്കാര്‍ ഇടപെട്ട് 130രൂപ സംഭരണ ചെലവ് 190 രൂപ ആക്കി വര്‍ധിപ്പിച്ചു നല്‍കി. ഈ സീസണില്‍ നെല്ലെടുപ്പ് തുടങ്ങിയതോടെ സംഭരണചെലവ് 160 രൂപയായി കുറച്ചു. സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഏജന്‍സികള്‍ നെല്ലെടുപ്പ് മുടക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടനാട്ടിലെ 27,000 ഹെക്ടര്‍ പാടശേഖരത്തെ ആദ്യവിളവെടുപ്പ് തുടങ്ങിയ തകഴി, കൊല്ലനാടി, ചെട്ടുതറക്കരി, നീലംപേരൂര്‍, പാണ്ടനാട്, എടത്വാ വടകര എന്നീ പാടശേഖരങ്ങളില്‍ വിളവെടുപ്പു കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും സംവരണം നടക്കാത്തതുമൂലം കര്‍ഷകര്‍ പ്രതിസന്ധിയിലായിരുന്നു. തകഴി കൊല്ലനാടി, ചെട്ടുതറക്കരി പാടങ്ങള്‍ പൂര്‍ണമായി കൊയ്‌തെടുത്ത് കഴിഞ്ഞു.

ഒറ്റപ്പെട്ട വേനല്‍മഴ തുടങ്ങിയതോടെ വയലില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്ല് ഈര്‍പ്പം അടിക്കുമോയെന്ന് ആശങ്കയിലായിരുന്നു കര്‍ഷകര്‍. കുട്ടനാട്ടില്‍ നിന്ന് 1560 ക്വിന്റല്‍ നെല്ലുമാത്രമാണ് ഇതുവരെ സംഭരിച്ചിട്ടുള്ളത്. കുട്ടനാട്ടിലെ വിളവെടുപ്പ് ഒരേപോലെ നടക്കുന്നതുമൂലം ദിവസേന നൂറു കണക്കിനു ക്വിന്റല്‍ നെല്ലാണ് കൊയ്‌തെടുക്കുന്നത്.  37 മില്ലുടമകള്‍ സംഭരണത്തിന് രജിസ്റ്റര്‍ ചെയ്‌തെങ്കിലും മൂന്നോ നാലോ മില്ലുടമകള്‍ മാത്രമാണ് നെല്ല് സംഭരിക്കുന്നത്. നെല്ലുവില ഒറ്റത്തവണയായി നല്‍കാനുള്ള തീരുമാനം മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു.

Related posts