കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കോടതി മൂന്ന് ദിവസത്തേക്ക് ഉപാധികളോടെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ജയരാജനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.
9, 10, 11 തീയതികളിലാണ് ജയരാജനെ സിബിഐക്ക് ഭാഗികമായി കസ്റ്റഡിയില്‍ ലഭിക്കുക. കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജയരാജനെ ജയിലിലോ ആശുപത്രിയിലോ ചോദ്യം ചെയ്യാനാണ് സിബിഐക്ക് അനുമതി ലഭിച്ചിരിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയുള്ള സമയങ്ങളില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ അനുവാദമുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥര്‍ അല്ലാതെ ചോദ്യം ചെയ്യുന്ന സമയത്ത് മറ്റ് ആരുടെയും സാന്നിധ്യം പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയാണെങ്കിലും ജയരാജന് ഇതുവരെ ജയിലില്‍ കിടന്നിട്ടില്ല. റിമാന്‍ഡ് ചെയ്തതിനു പിന്നാലെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടാന്‍ കോടതി ജയരാജനു അനുമതി നല്‍കുകയായിരുന്നു. കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും ജയരാജന് ചികിത്സ തേടി.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ജയരാജനു കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജയരാജന് ചികിത്സയിലാണെന്നും കസ്റ്റഡി അനുവദിക്കരുതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ വാദം തള്ളി കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ഇന്നു വൈകിട്ടോടെ ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയേക്കും. ബുധനാഴ്ച രാവിലെയോടെ ജയരാജനെ സിബിഐക്ക് കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.