മെത്രാന്‍ കായല്‍ പ്രശ്‌നം കത്തുന്നു; നാളെ കുമരകത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍

ktm-kayalകോട്ടയം: മെത്രാന്‍കായല്‍ നികത്താനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് നാളെ കുമരകത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍ എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനാല്‍ സ്കൂളുകളെയും ബസുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കുമരകം മെത്രാന്‍ കായലിലെ 378 ഏക്കര്‍ പാടശേഖരം നികത്തി ടൂറിസം പദ്ധതിക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ഇടതുപക്ഷം പ്രക്ഷോഭം തുടങ്ങിയിരിക്കുന്നത്. ഇടതുപക്ഷത്തിനു പുറമെ വിവിധ സംഘടനകളും സമരങ്ങളുമായി രംഗത്തെത്തി. കുമരകം മെത്രാന്‍കായല്‍ സംരക്ഷണ പ്രക്ഷോഭസമിതി 10നു കോട്ടയം കളക്ടറേറ്റിനു മുന്നില്‍ വിവിധ പരിസ്ഥിതിസംഘടനകളുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ സംഘടിപ്പിക്കും. 2008ലെ നെല്‍വയല്‍നീര്‍ത്തട സംരക്ഷണനിയമത്തെ അട്ടിമറിക്കുന്ന പുതിയ ഉത്തരവ് പരസ്യമായി കത്തിക്കും.

മെത്രാന്‍കായല്‍ പാടശേഖരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു പരിസ്ഥിതി മനുഷ്യച്ചങ്ങല സംഘടിപ്പിക്കാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് തീരുമാനിച്ചു. നാനൂറ് ഏക്കര്‍ വരുന്ന മെത്രാന്‍ കായല്‍ പാടശേഖരം നികത്തി ടുറിസ്റ്റ് റിസോര്‍ട്ട് നിര്‍മിക്കാന്‍ അനുമതി നല്കിയ റവന്യുവകുപ്പിന്റെ നടപടി നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിനു വിരുദ്ധവും വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

Related posts