മീന്‍ വെട്ടിക്കൊടുത്ത് സമ്പാദിക്കുന്നത് ദിവസം അഞ്ഞൂറു രൂപ

ktm-meen

കുര്യന്‍ കുമരകം
കുമരകം: വീട്ടുജോലിക്കൊപ്പം വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാന്‍ കുമരകത്തെ വിനോദസഞ്ചാരമേഖല കുടുംബിനികള്‍ക്ക് അവസരമൊരുക്കുന്നു. കുമരകത്ത് വിനോദസഞ്ചാരത്തിനെത്തുന്നവരുടെ ഇഷ്ട വിഭവമാണ് കുമരകം കരിമീന്‍. ഒപ്പം നാടന്‍ മത്സ്യങ്ങളും ഏറെ പ്രിയങ്കരമാണ്. സഞ്ചാരികളുടെ ഇഷ്ടവിഭവങ്ങള്‍ക്കുവേണ്ട മത്സ്യം വെട്ടി തേച്ചുകഴുകി കൊടുത്ത് കുമരകത്തെ സ്ത്രീകള്‍ മാസം ശരാശരി 15,000 രൂപയോളം സമ്പാദിക്കുന്നു. കരിമീന്‍ മാത്രമല്ല, എല്ലായിനം മത്സ്യങ്ങളും കുമരകത്തെ കുടുംബിനികളുടെ കൈകളിലൂടെ പാചകത്തിന് പാകമാകുന്നു. ഇതിലൂടെ ഇവര്‍ വന്‍ നേട്ടവും കൊയ്യുന്നു.

മത്സ്യങ്ങള്‍ ഡ്രസ് ചെയ്തുകൊടുക്കുന്നത് കുമരകം മാര്‍ക്കറ്റിനു സമീപമുള്ള മിക്ക വീടുകളിലെയും പ്രധാന വരുമാനമായി മാറിയിരിക്കുകയാണ്. അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലികള്‍ പൂര്‍ത്തിയാക്കി ഗൃഹനാഥനെ ജോലിസ്ഥലത്തേക്കു വിട്ടശേഷം തുടങ്ങുന്ന മീന്‍വെട്ടല്‍ മണിക്കൂറുകള്‍ നീളും. ഡ്രസ് ചെയ്യാന്‍ ലഭിക്കുന്നതിലേറെയും കരിമീനാണ്. ഒരുകിലോ കരിമീന്‍ ഡ്രസ് ചെയ്തു കൊടുക്കുന്നതിന് 20 രൂപയാണ് ഈടാക്കുന്നത്. ചെറുമീനുകളാണെങ്കില്‍ കിലോയ്ക്ക് 30 രൂപയും.

ടൂറിസ്റ്റ് സീസണിലും സുലഭമായി മത്സ്യം ലഭിക്കുന്ന കാലയളവിലും കുമരകത്തെ സ്ത്രീകള്‍ക്ക് തിരക്കോടുതിരക്കാണ്. കൈനിറയെ പണം ലഭിക്കാന്‍ തുടങ്ങിയതോടെ മീന്‍ വെട്ടി തേച്ചുകുഴി നല്‍കുന്ന ജോലി സ്ത്രീകള്‍ക്ക് പ്രിയങ്കരമായി മാറിയിരിക്കുകയാണ്. കരിമീന്റെ വില കുറഞ്ഞതോടെ കരിമീന്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം വര്‍ധി ച്ചിരിക്കുകയാണെന്ന് കുമരകത്തെ സ്ത്രീകള്‍ പറയുന്നു.

Related posts