മൂവാറ്റുപുഴ: ജലഅതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ കുടിവെള്ളം നിലച്ചിരിക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമായി. കച്ചേരിത്താഴം ചെറിയ പാലത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നത്. അതിനാല്‍ ഇന്നലെ മുതല്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളവും നിലച്ചിരിക്കുകയാണ്.
വേനല്‍ കടുത്തതോടെ കിണറുകളെല്ലാം വറ്റിവരണ്ട നിലയിലാണ്. ജല അതോറ്റിയുടെ പൈപ്പ് ലൈന്‍ മാത്രമാണ് ഏക ആശ്രയം. പൈപ്പ് ലൈനിലൂടെയും വെള്ളം ലഭിക്കാറായതോടെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമാണ്. പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചെങ്കിലും പൈപ്പ് ലൈന്‍ മാറ്റുന്നതിനെച്ചൊല്ലി പൊതുമരാമത്തും, ജല അഥോറിറ്റിയും തമ്മിലുള്ള തര്‍ക്കംകൊണ്ട് നീണ്ടു പോവുകയായിരുന്നു. അതിനാലാണ് കടുത്ത വേനലില്‍ പൈപ്പ് ലൈന്‍ മാറ്റേണ്ട അവസ്ഥ വന്നത്.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമായതിനാല്‍ നേരത്തെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജല അഥോറിറ്റി, പൊതുമരാമത്ത് വകുപ്പുകളുടെ കടുംപിടിത്തം മൂലം നേരത്തെ നിര്‍മാണ പ്രവര്‍ത്തനം നടത്താനായില്ല. ഇതുമൂലം ഇപ്പോള്‍ ദുരിതം അനുഭവിക്കുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്. കുടിവെള്ളമില്ലാത്തതിനാല്‍ ഹോട്ടല്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഇന്ന് താള്ളം തെറ്റിയിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന വെള്ളം ഉപയോഗിച്ചാണ് ഇന്നലെ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചത്. എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിച്ച് കുടിവെള്ളം വിതരണം ചെയ്യമെന്നാണ് ജനങ്ങളുടെ ആവശ്യം.