ഇവരെ കണ്ടവരുണ്ടോ? പെരളശേരിയില്‍ ബൈക്ക് യാത്രികനില്‍നിന്നു പണം കവര്‍ന്ന സംഭവത്തില്‍ പ്രതികളെക്കുറിച്ച് സൂചന; യുവാക്കളുടെ സിസി ടിവി ദൃശ്യം പുറത്ത്

BIKRകണ്ണൂര്‍: ബൈക്കില്‍ പിന്തുടര്‍ന്ന രണ്ടംഗസംഘം ബൈക്ക് യാത്രികനില്‍ നിന്നും 13 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതികളെക്കുറിച്ച് സൂചന. മോഷണം നടത്തിയെന്നു പറയപ്പെടുന്ന യുവാക്കളുടെ സിസി ടിവി ദൃശ്യം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു 1.45 ഓടെ പെരളശേരി കോട്ടത്തുള്ള പെട്രോള്‍ പമ്പിലായിരുന്നു സംഭവം. കക്കാട് സ്വദേശിയായ യാസിറിന്റെ പണം നഷ്ടപ്പെട്ടുവെന്നാണ് പരാതി.

വാഹന ഇടപാടുമായി ബന്ധപ്പെട്ട് പണവുമായി കണ്ണൂരില്‍ നിന്നു മമ്പറം ഭാഗത്തേക്കു പോകുമ്പോള്‍ രണ്ടംഗ സംഘം പിന്തുടര്‍ന്നു പണം തട്ടിയെന്നാണു പറയുന്നത്. ബൈക്കില്‍ രണ്ടംഗസംഘം പിന്തുടരുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു പെട്രോള്‍ പമ്പിലേക്കു ബൈക്ക് ഓടിച്ചുകയറ്റുന്നതിനിടെ നിയന്ത്രണം വിട്ടുവീഴുകയായിരുന്നു. പിന്നാലെയെത്തിയ രണ്ടംഗ സംഘം പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞെന്നാണ് യാസിര്‍ പറയുന്നത്.

ബൈക്കോടിച്ചിരുന്നയാള്‍ ഹെല്‍മറ്റ് ധരിക്കുകയും മുഖം തുണികൊണ്ടു മറയ്ക്കുകയും ചെയ്തിരുന്നു. പിന്നിലുള്ളയാള്‍ കൂളിംഗ് ഗ്ലാസ് ധരിച്ചിരുന്നു. പണമടങ്ങിയ ബാഗുമായി സംഘം തലശേരി ഭാഗത്താണു പോയതെന്നു പരാതിയില്‍ പറയുന്നു. യാസിറിന്റെ പരാതിയെ തുടര്‍ന്നു ചക്കരക്കല്‍ എസ്‌ഐ പി.ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. നഷ്ടമായ പണത്തിന്റെ ഉറവിടത്തെക്കുറിച്ചു ദുരൂഹതകളുള്ളതായി പോലീസ് പറഞ്ഞു.

Related posts