
കൊച്ചി: ദിലീപിന്റെ ഭൂമിയിടപാടുകൾ സംബന്ധിച്ചുള്ള അന്വേഷണത്തിനായി കേന്ദ്ര എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ആലുവ പോലീസ് ക്ലബ്ബിൽ എത്തിയതായി സൂചന. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുള്ള ഗുഢാലോചനയ്ക്ക് അറസ്റ്റിലായതിനു പിന്നാലെ ദിലീപിന്റെ ഭൂമിയിടപാടുകളും റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും പുറത്തു വന്നിരുന്നു. കൊച്ചിയിൽ മാത്രം 35ൽ അധികം ഭൂമിയിടപാടുകൾ ദിലീപ് നടത്തിയതായുള്ള രേഖകളാണു പുറത്തു വന്നത്.
കൊച്ചിക്കു പുറമെ ആറു ജില്ലകളിലായി നിരവധി ഭൂമിയിടപാടുകൾ ദിലീപ് നടത്തിയെന്നാണ് ജില്ലാ രജിസ്ട്രാറുകൾ അന്വേഷണ സംഘത്തിനു നൽകിയിരിക്കുന്ന റിപ്പോർട്ടിലെ വിവരം. ദിലീപിനു 55 ഇടങ്ങളിൽ ഭൂസ്വത്തുണ്ടെന്നാണ് രേഖകളിൽ പറയുന്നത്.
മതിപ്പു വിലയിൽനിന്നും മാർക്കറ്റ് വിലയിൽനിന്നും ഏറെ കുറച്ചു കാണിച്ചാണ് ദിലീപ് ഓരോ സ്ഥലമിടപാടുകളും നടത്തിയിരിക്കുന്നത്. കോട്ടയം കുമരകത്ത് അഞ്ച് ഏക്കറോളം സ്ഥലം ഒന്നരക്കോടി രൂപയ്ക്കു വാങ്ങി രണ്ടര കോടിയിലധികം രൂപയ്ക്കാണ് മറിച്ചു വിറ്റിരിക്കുന്നത്. ഇതുപോലെ നിരവധിയിടങ്ങളിൽ നടന്ന കച്ചവടങ്ങളിൽ എല്ലാം അനധികൃതമായാണ് നടത്തിയതെന്നുള്ള റിപ്പോർട്ടാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. തൃശൂരിലെ ചാലക്കുടിയിൽ കൊച്ചിയിലെന്ന പോലെ നിരവധി സ്ഥലങ്ങൾ ദിലീപിന്റെ പേരിലുണ്ടെന്നാണ് സൂചന.
