ചാലക്കുടി: ദിപീലിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസിനെച്ചൊല്ലി നഗരസഭയിൽ ഭരണ പ്രതിപക്ഷകക്ഷികൾ തമ്മിലുള്ള പോര് തുറന്ന പോരാട്ടത്തിലേക്ക്. ഇന്നലെ ചേർന്ന കൗണ്‍സിൽ യോഗം ഇതേചൊല്ലി അജണ്ടകൾ ചർച്ച ചെയ്യാൻപോലും കഴിയാതെ പിരിച്ചുവിടേണ്ടിവന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു ഈ വിഷയം മാത്രം ചർച്ച ചെയ്യാൻ സ്പെഷൽ കൗണ്‍സിൽ വിളിച്ചുകൂട്ടുവാൻ തീരുമാനിച്ചിരിക്കയാണ്.
സ്പെഷൽ കൗണ്‍സിൽ വിളിക്കുവാൻ ഭരണകക്ഷി തീരുമാനിക്കുകയും ഇതേസമയം ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷവും ചെയർമാനു കത്തുനൽകി. ഡിസിനിമാസ് തിയേറ്റർ കെട്ടിടം നിർമിച്ചത് സർക്കാർ പുറന്പോക്കിലുള്ള സ്ഥലത്താണെന്ന ആരോപണവും അന്വേഷണവും ആരംഭിച്ചതോടെയാണ് ഡിസിനിമാസ് കെട്ടിടം നിർമിക്കാൻ അനുമതി നൽകിയ നഗരസഭ പ്രതികൂട്ടിലായത്.
ഇതോടെ ഈ കാലയളവിൽ നഗരസഭാ ഭരണം നടത്തിയിരുന്ന എൽഡിഎഫും യുഡിഎഫും പരസ്പരം കുറ്റാരോപണം ആരംഭിച്ചു. അഴിമതി ആരോപണങ്ങളുമായി ഇരുകൂട്ടരും തെരുവിലിറങ്ങി പ്രകടനവും ഫ്ളക്സ് യുദ്ധവും മുറുകി. 2006 മുതൽ നടന്ന സ്ഥലമെടുപ്പും തിയേറ്റർ നിർമാണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ നടന്നത് എൽഡിഎഫ് ഭരിക്കുന്പോഴാണെങ്കിൽ 2014ൽ തിയേറ്റർ നിർമാണത്തിനു അനുമതി നൽകിയത് യുഡിഎഫ് ഭരണകാലത്തുമാണ്.
തിയേറ്റർ നിർമാണത്തിനു അനുമതി നൽകിയ യുഡിഎഫ് ചെയർമാൻ വി.ഒ.പൈലപ്പനെ എൽഡിഎഫ് പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്പോൾ അനുമതി നൽകുന്നതിനു ചീഫ് ടൗണ്‍ പ്ലാനറുടെ അനുമതിക്കുവേണ്ട നടപടിക്രമങ്ങൾ നടത്തിയ എൽഡിഎഫ് ചെയർമാൻ എം.എൻ.ശശിധരന്റെ ഭരണത്തെ യുഡിഎഫ് പ്രതികൂട്ടിൽ നിർത്തുന്നു. കഴിഞ്ഞ കൗണ്‍സിലിൽ തിയേറ്റർ നിർമാണം സംബന്ധിച്ച് വിജിലൻസ് അന്വേ,ണത്തിനു ശുപാർശ ചെയ്യാൻ തീരുമാനിച്ചതോടെയാണ് സംഭവത്തിനു ചൂടേറിയത്.
പ്രതിപക്ഷത്തിതന്റെ അഭാവത്തിലാണ് ഭരണകക്ഷി ഈ തീരുമാനമെടുത്തത്. ഇന്നലെ ചേർന്ന കൗണ്‍സിലിൽ യുഡിഎഫ് തങ്ങളുടെ ഭരണത്തിൽ തീയേറ്ററിനു അനുമതി നൽകിയത് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണെന്നു തെളിയിക്കാനുള്ള സന്നാഹത്തിലായിരുന്നു. എന്നാൽ, യുഡിഎഫിനെ ആരോപണത്തിന്റെ മുൾമനയിൽ നിർത്തുവാനാണ് എൽഡിഎഫ് ശ്രമിച്ചിരുന്നത്. ഇരുകൂട്ടരും തുറന്ന പോരാട്ടത്തിലേക്ക് നീങ്ങുന്പോൾ ഡിസിനിമാസിന്റെ ഭൂമിയിൽ പുറന്പോക്കുണ്ടെന്ന ആരോപണം തെളിയിക്കാൻ ആയിട്ടില്ലെന്നതാണ് രസകരം.