നരിക്കാട്ടേരി ബോംബേറ്: പ്രദേശവാസികള്‍ ഭീതിയില്‍; പോലീസ് അന്വേഷണം തുടങ്ങി

KKD-BOMBനാദാപുരം: നരിക്കാട്ടേരിയില്‍  യുവാക്കള്‍ക്കുനേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലയുണ്ടായ അക്രമസംഭവം പ്രദേശവാസികള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് മേഖലയില്‍ വീടുകള്‍ക്കുനേരെ ബോംബാക്രമണവും പിന്നീട് ബോംബ് നിര്‍മാണത്തിനിടയില്‍ സ്‌ഫോടനമുണ്ടായി അഞ്ചുപേര്‍ മരിക്കുകയും ചെയ്തത്. പിന്നീടും വിവിധ തരത്തിലുള്ള ബോംബുകളും ആയുധങ്ങളും മേഖലയില്‍നിന്ന് കണ്ടെടുത്തിരുന്നു.

ബോംബ് നിര്‍മാണം ഇപ്പോഴുമുണ്ടെന്ന സൂചനയാണ് പുതിയ സംഭവം നല്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യം ഗൗരവമായി അന്വേഷിക്കാനാണ് പോലീസ് തീരുമാനം. ഇന്നലെ രാത്രി ഒമ്പതോടെയുണ്ടായ ബോംബേറില്‍ നരിക്കാട്ടേരി അനിയാരീമ്മല്‍ അബ്ദുുല്‍നാഫി(19), അനിയാരീമ്മല്‍ ഫര്‍ഹാന്‍(19), വട്ടക്കാട്ട് താെഴകുനിയില്‍ ഹാരിസ്(28), മുക്കിയപറമ്പത്ത് മുഹമ്മദ് നിയാസ്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റോഡില്‍ സംസാരിച്ചുനില്‍ക്കുന്നതിനിടയില്‍ ബൈക്കിലെത്തിയ മൂവര്‍ സംഘം ബോംബേറിഞ്ഞെന്നാണ് പരാതി. ഇതില്‍ പലര്‍ക്കും മുഖത്തും നെഞ്ചിലും കാലിലും മറ്റും പരിക്കുണ്ട്. കാലില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സംഭവം നടന്നയുടന്‍ നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എഎസ്പി കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.

Related posts