പാപ്പിനിശേരി: ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിനായി പുതിയ പരിഷ്കാരവുമായി കണ്ണപുരം പോലീസ്. ഇന്നുമുതല്‍ കണ്ണപുരം സ്റ്റേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പുകളില്‍ ഹെല്‍മെറ്റില്ലാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കാതിരിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ വ്യാപകമായി ഇരുചക്രവാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ഹെല്‍മെറ്റ് ഉപയോഗിക്കാത്തവര്‍ക്ക് ഇന്ധനം നല്‍കരുതെന്ന ബോര്‍ഡുകള്‍ പോലീസ് പെട്രോള്‍ പമ്പുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെയാണ് ആദ്യമായി കണ്ണപുരത്ത് പുതിയ പദ്ധതി നടപ്പാക്കുന്നതെന്നും വൈകാതെ എല്ലാ സ്റ്റേഷന്‍ പരിധിയിലും ഇത് നിര്‍ബന്ധമാക്കുമെന്നും എസ്‌ഐ ബിനു മോഹന്‍ അറിയിച്ചു. ഹെല്‍മെറ്റ് ധരിക്കാതെ വന്ന് ഇന്ധനം ആവശ്യപ്പെട്ട് കുഴപ്പമുണ്ടാക്കുന്നപക്ഷം പോലീസ് സ്ഥലത്തെത്തും. കാമറയും പോലീസ് പരിശോധിക്കും.