ഏതെങ്കിലും അച്ഛന്‍ പ്രായപൂര്‍ത്തിയായ മകളുടെ കൂടെ കിടക്കുമോ ? അച്ഛനെയും മകളെയും പോലെ കഴിഞ്ഞവരേക്കുറിച്ച് അപവാദം പ്രചരിപ്പിക്കരുത്; പൊട്ടിക്കരഞ്ഞ് ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത്

ന്യൂഡല്‍ഹി:അച്ഛനെയും മകളെയും പോലെ കഴിഞ്ഞിരുന്ന തങ്ങളെപ്പറ്റി കാമുകീകാമുകന്മാര്‍ എന്ന രീതിയില്‍ അപവാദ കഥകള്‍ പ്രചരിപ്പിക്കരുതെന്ന് ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാന്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ രഹസ്യ അഭിമുഖത്തിലാണ് ഹണിപ്രീത് ഇക്കാര്യം പറഞ്ഞ് പൊട്ടിക്കരഞ്ഞത്. ഒരു മാസം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് ഇന്ന് കോടതിക്ക് മുമ്പാകെ കീഴടങ്ങാനും ഹണിപ്രീതിന് പദ്ധതിയുണ്ട്. തങ്ങള്‍ക്കെതിരേ പ്രചരിക്കുന്നതെല്ലാം അസംബന്ധങ്ങളാണെന്ന് 36 ദിവസമായി ഒളിവില്‍ കഴിയുന്ന ഹണിപ്രീത് പറയുന്നു.

പവിത്രമായ പിതാവ്-പുത്രി ബന്ധത്തെ എങ്ങിനെ ഈ രീതിയില്‍ തെറ്റായി കാണാനാകുമെന്ന് ഹണിപ്രീത് ചോദിച്ചു. പിതാവും പുത്രിയും തമ്മിലുള്ള ബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉള്ളത്. പ്രചരിക്കുന്നത് തെറ്റായ കഥകളാണ്. എങ്ങനെയാണ് ഒരു മകളുടെ മേല്‍ പിതാവിന് കൈവെയ്ക്കാന്‍ കഴിയുന്നത്. ഒരു മകള്‍ക്ക് പിതാവിനെ സ്നേഹിക്കാന്‍ പറ്റില്ലേയെന്നും ചോദിച്ചു. സത്യം വേറൊരു വഴിക്കായിരിക്കെ ലോകം തങ്ങളെ വേറൊരു രീതിയില്‍ വീക്ഷിക്കുന്നത് ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. എന്തിനാണ് മാധ്യമങ്ങള്‍ തന്നെ ഇങ്ങനെ വലുതാക്കി കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇന്ത്യയെ അങ്ങേയറ്റം സ്നേഹിക്കുന്ന ദേശസ്നേഹികളായ തങ്ങളോട് ഈ രീതിയില്‍ എങ്ങിനെ പെരുമാറാന്‍ കഴിയുന്നുവെന്നും താരം ചോദിച്ചു.

തന്റെ മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്ത തനിക്കാരുമല്ലെന്നും അയാളെക്കുറിച്ച് സംസാരിക്കാന്‍ താന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും ഹണിപ്രീത് പറഞ്ഞു. ഒരു നടിയാകാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. കാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു എന്നും താല്‍പ്പര്യം. എന്നാല്‍ പറ്റിയ നടിയെ കിട്ടാതെ വന്നപ്പോള്‍ അഭിനയിച്ചെന്ന് മാത്രമേയുള്ളൂ. തന്റെ പിതാവ് നിരപരാധിയാണ് . ഒരാള്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ആരെങ്കിലും കുറ്റക്കാരനാകുമോ? ദേരയില്‍ ഇതുവരെ ഒരു പെണ്‍കുട്ടിയും മാനഭംഗത്തിന് ഇരയായിട്ടില്ല. ദേരയിലെ മറ്റ് സ്ത്രീകളുടെ അഭിപ്രായം ചോദിക്കപ്പെട്ടില്ലെന്നും അവര്‍ ആരോപിച്ചു.

രാം റഹീമിന് തടവ് ശിക്ഷ കിട്ടിയതിന് പിന്നാലെ ഹണിപ്രീത് നേപ്പാളിലേക്ക് കടന്നതായിട്ടായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താന്‍ നേപ്പാളിന് പോയില്ലെന്നും ഇന്ത്യയില്‍ തന്നെയുണ്ടായിരുന്നതായും പറഞ്ഞു. ഹണിപ്രീത് എന്ന പ്രിയങ്കാ തനേജയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് ഇവര്‍ കീഴടങ്ങാന്‍ ഒരുങ്ങുന്നത്. രണ്ടു ബലാത്സംഗക്കേസില്‍ ഗുര്‍മീതിനെ തടവുശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ നടന്ന അക്രമസംഭവങ്ങളുടെ പേരില്‍ ഹണീപ്രീതിനും മറ്റ് ദേരാ അംഗങ്ങള്‍ക്കും എതിരേ അക്രമം പ്രചരിപ്പിച്ചതിന് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ ഒളിവില്‍ പോയിരുന്നു. ഹരിയാനാപോലീസ് ഇവര്‍ക്കും മറ്റ് 42 പേര്‍ക്കുമെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

 

Related posts