കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമം. തൃപ്പൂണിത്തുറയിലോ എറണാകുളത്തോ ശ്രീശാന്തിനെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. ബിജെപി ദേശീയ നേതൃത്വത്തിന്റെ താത്പര്യപ്രകാരമാണ് ശ്രീശാന്ത് തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ ശ്രീശാന്ത് തീരുമാനം അറിയിച്ചിട്ടില്ല. മുംബൈയില്‍ ഹിന്ദി സിനിമയുടെ ചിത്രീകരണത്തിലാണ് ശ്രീശാന്തിപ്പോള്‍.
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ശ്രീശാന്തിനോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ശ്രീശാന്തിനായി എറണാകുളം ജില്ലയിലെ മണ്ഡലം കണ്ടെത്തണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് തൃപ്പൂണിത്തുറയും എറണാകുളവും തെരഞ്ഞെടുത്തിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ തിരുവനന്തപുരത്തെത്തുന്നുണ്ട്. ശ്രീശാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തീരുമാനം അമിത് ഷാ എത്തുന്നതോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ തിരുവനന്തപുരത്ത് വച്ച് അമിത് ഷായുമായി ശ്രീശാന്ത് കൂടിക്കാഴ്ച്ച നടത്താനും സാധ്യതയുണ്ട്.
ബിജെപി അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള ശ്രീശാന്ത് പാര്‍ട്ടി വേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍, ശ്രീശാന്തിന്റെ ഭാര്യയുടെ കുടുംബം ബിജെപിയുമായി അടുത്ത ബന്ധമുള്ളവരാണ്. ശ്രീശാന്തിന് ക്രിക്കറ്റില്‍ സജീവമാകുന്നതിന് ഹൈക്കോടതി വിധി അനുകൂലമാണെങ്കിലും ഒരു തിരിച്ചുവരവ് ദുഷ്കരമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ബിജെപി ദേശീയ നേതൃത്വത്തിന്റെ ക്ഷണം ശ്രീശാന്തിന് ലഭിച്ചതായും മത്സരിക്കുന്നതിന് ശ്രീശാന്തിന് വിരോധമില്ലെന്നും ശ്രീശാന്തിന്റെ അമ്മ സാവിത്രിദേവി രാഷ്ട്രദീപികയോട് പറഞ്ഞു. നന്നായി ആലോചിച്ചശേഷം എടുക്കേണ്ട തീരുമാനമാണ് ഇക്കാര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.