ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി; ചിതയൊരുക്കി ജീവനൊടുക്കിയതാണെന്ന് സംശയം

fireരാജാക്കാട്: പൂപ്പാറയില്‍ ഗൃഹനാഥനെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പൂപ്പാറ വട്ടത്തൊട്ടിയില്‍ വിജയനെയാണ് (64) മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനോടു ചേര്‍ന്നുളള പുരയിടത്തില്‍ ശനിയാഴ്ച രാവിലെയാണ് വിജയനെ മരിച്ചനിലയില്‍ കണ്ടത്. ഇയാള്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കിയതാണെന്ന് കരുതുന്നു. മൃതദേഹം പൂര്‍ണമായും കത്തിയെരിഞ്ഞിരുന്നു.

ക്ഷേത്രത്തില്‍ ഉത്സവമായതിനാല്‍ ഭാര്യ കൗസല്യയും മക്കളും തറവാട്ടുവീട്ടിലായിരുന്നു. വീടിനോടു ചേര്‍ന്നു വിറക് അടുക്കി വച്ചിരുന്നു. ഈ വിറകിനു മുകളില്‍ കയറി കിടന്ന് വിജയന്‍ തീ കൊളുത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം. രാവിലെ ഭാര്യയും മക്കളും വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ചിതയ്ക്കു സമീപത്തു നിന്ന് ചന്ദനത്തിരിയും കര്‍പ്പൂരവും കണ്ടെടുത്തു. ഭാര്യ കൗസല്യയുടെ ചികിത്സയെ തുടര്‍ന്ന് വിജയന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ശാന്തന്‍പാറ പോലീസ് മേല്‍നടപടി സ്വീകരിച്ചു. മക്കള്‍: രാജേഷ്, രതീഷ്, ബിന്ദു.

Related posts