മാഹി: റെഡിമെയ്ഡ് രംഗത്തെ കുതിച്ചുകയറ്റത്തില്‍ തയ്യല്‍ ജോലിയില്‍ പണി കുറഞ്ഞപ്പോഴാണ് 32 വര്‍ഷം ജോലി ചെയ്ത തയ്യല്‍ ഉപേക്ഷിച്ച് മാഹി പന്തക്കല്‍ ലിമപുരത്തെ വിനയകുമാര്‍ കൃഷിയിലേക്കിറങ്ങിയത്. ഇപ്പോള്‍ 10 വര്‍ഷത്തോളമായി കൃഷിയിലാണ്. പലരും നഷ്ടം വരുമെന്നു ഭയന്ന് കൃഷിയിറക്കാതെ കിടന്ന വീടിനു സമീപത്തെ പുഞ്ചവയലിലെ ഒന്നരയേക്കര്‍ വിശാലമായ സ്ഥലത്താണ് 2006 മുതല്‍ കൃഷി ചെയ്തുവരുന്നത്.
ഉമ, ഒറീസ എന്നീ വിത്തിനങ്ങളുടെ നെല്‍കൃഷിയും പച്ചക്കറി ഇനങ്ങളായ വെണ്ട, ചീര, തക്കാളി, മഞ്ഞള്‍, ഇഞ്ചി എന്നിവ സ്ഥിരമായി കൃഷി ചെയ്തുവരുന്നു. കോളിഫഌര്‍, പൊതീന, മല്ലി എന്നിവ പ്രത്യേക സംരക്ഷണത്തോടെ വളര്‍ത്തുകയാണ്. വിഷുവിന് വിളവെടുക്കാനുള്ള വെള്ളരിയും പാകമായി വരുകയാണ്. നൂറോളം നേന്ത്രവാഴകളും കൃഷിയിടത്തിലുണ്ട്. അഞ്ചു പശുക്കളെ വളര്‍ത്തുന്നതിനാല്‍ ചാണകപ്പൊടിയാണ് കൂടുതലായി കൃഷിക്ക് ഉപയോഗിച്ചുവരുന്നത്. ഗോമൂത്രം ഉപയോഗിച്ചുള്ള ജൈവകീടനാശിനി വിനയന്‍ സ്വന്തം നിര്‍മിക്കുന്നു. വിഷരഹിത പച്ചക്കറിയായതിനാല്‍ ആവശ്യക്കാര്‍ വയലില്‍നിന്നു തന്നെ വാങ്ങിപ്പോകും. ബാക്കി വരുന്ന ഉത്പന്നങ്ങള്‍ ഗ്രാമങ്ങളിലെ കടകളിലാണ് വില്‍പനയ്ക്കായി നല്‍കുന്നത്.
കാര്‍ഷികമേഖലയില്‍ ഇറങ്ങി പത്തുവര്‍ഷമാകുമ്പോഴേക്കും 2015 ലെ മാഹി മേഖലയിലെ ഏറ്റവും നല്ല കര്‍ഷകനുള്ള അവാര്‍ഡും ലഭിച്ചു. മാഹി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2015 ഡിസംബറില്‍ നടന്ന പുഷ്പഫല പ്രദര്‍ശനമേളയില്‍ അവാര്‍ഡ് തുകയായ 10,000 രൂപയും പുരസ്കാരവും അന്നത്തെ മാഹി റീജണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മംഗലാട്ട് ദിനേശനില്‍നിന്നും ഏറ്റുവാങ്ങിയിരുന്നു.
ഏറ്റവും കൂടുതല്‍ പച്ചക്കറി കൃഷി ചെയ്ത കര്‍ഷകന്‍ എന്ന നിലയില്‍ 2,500 രൂപയുടെ പ്രത്യേക കാഷ് അവാര്‍ഡും ലഭിച്ചു. കൃഷിയിലിറങ്ങിയ ശേഷമാണ് വീടിന്റെ പണി പൂര്‍ത്തീകരിച്ചതും രണ്ടു പെണ്‍മക്കളുടെ കല്യാണവും കഴിപ്പിച്ച് അയച്ചതെന്നും വിനയന്‍ പറയുന്നു. നിത്യേന 20 ലിറ്ററോളം പാല്‍ സൊസൈറ്റിയില്‍ നല്‍കുന്നു. ഭാര്യ പുഷ്പയും സഹായത്തിനുണ്ട്.