1984ലെ തെരഞ്ഞെടുപ്പിനുശേഷം 2014 ല്‍ നടന്ന തെരഞ്ഞെടുപ്പുവരെ എട്ടുതവണ മത്സരിച്ചപ്പോഴും തെക്കേ ചെല്ലാനത്തെ സെന്റ് ജോര്‍ജ് പള്ളിയില്‍ തുടങ്ങി കുമ്പളങ്ങിയില്‍ അവസാനിക്കുന്ന പ്രചാരണപരിപാടി തോമസ് മാഷ് തെറ്റിച്ചിട്ടില്ല. 1984 ലെ സ്ഥാനാര്‍ഥിത്വം പോലെ പ്രചാരണം ആരംഭിച്ച സ്ഥലവും അവസാനിച്ച സ്ഥലവും യാദൃശ്ചികമായിരുന്നുവെന്ന് തോമസ് മാഷ് പറയുന്നു.
തേവര കോളജില്‍ അധ്യാപകനായും ഐഎന്‍ടിയുസി നേതാവായുമൊക്കെ സജീവമായി നില്ക്കുന്ന സമയത്താണ് തോമസ് മാഷിന് അപ്രതീക്ഷിതമായി ലോക്സഭയിലേക്ക് എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുന്നത്. ലീഡര്‍ കെ.കരുണാകരന്റെ പ്രത്യേകസ്നേഹം എറണാകുളം മണ്ഡലത്തിലെ സിറ്റിംഗ് എംപിയായ സേവ്യര്‍ അറയ്ക്കലിന് പകരം തോമസ് മാഷിന് സീറ്റ് ലഭിക്കുന്നതില്‍ കലാശിച്ചു. മുതിര്‍ന്ന നേതാവിനെ മാറ്റി താരതമ്യേന ചെറുപ്പക്കാരനായ തോമസ് മാഷിന് സീറ്റ് നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. അന്നത്തെ ഡിസിസി പ്രസിഡന്റായിരുന്ന എ.എല്‍. ജേക്കബെന്ന ജേക്കബേട്ടന്റെ പിന്തുണ അതിനെയെല്ലാം അതിജീവിക്കാന്‍ സഹായിച്ചെന്ന് തോമസ് മാഷ് പറയുന്നു.
പ്രചാരണം
സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമാണെങ്കിലും പ്രചരണത്തില്‍ അത് ഉണ്ടാകാന്‍ പാടില്ല എന്ന് തീരുമാനിച്ചിരുന്നു. നിമിത്തം പോലെ തെക്കേ ചെല്ലാനത്തെ സെന്റ് ജോര്‍ജ് പള്ളിയില്‍നിന്ന് പ്രചാരണം ആരംഭിച്ചു. വീടുവീടാന്തരം കയറിയിറങ്ങി മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും കടന്നുചെന്നു പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടു പ്രചാരണം കൊഴുത്തു. മുതിര്‍ന്ന നേതാക്കളായ കെ. കരുണാകരന്, എ.എല്‍. ജേക്കബ്, എ.കെ. ആന്റണി, വയലാര്‍ രവി എന്നിവര്‍ പ്രചാരണത്തിന് ആവേശം പകരാന്‍ എത്തി.
ആദ്യം എതിര്‍ത്തവര്‍ പോലും പിന്നീട് സമ്പൂര്‍ണ പിന്തുണ നല്കി. പ്രചരണത്തിന്റെ അവസാനദിനം കുമ്പളങ്ങിയിലെ തെക്കെ കളത്തൂരില്‍ നിന്ന് സമാപന ജാഥ ആരംഭിച്ചു. പതിനായിരക്കണക്കിനാളുകള്‍ അണിനിരന്ന ജാഥ വടക്കെ കളത്തൂരില്‍ എത്തിയപ്പോഴേക്കും തോമസ് മാഷിനെ തോളിലേറ്റി ജനങ്ങള്‍. അന്ന് തന്നെ വിജയം സുനിശ്ചിതമായെന്ന് ഉറപ്പിച്ചിരുന്നു.
പ്രചാരണത്തിന്റെ സമാപന ജാഥയില്‍ വന്ന ജനബാഹുല്യം കണ്ട് ഡിസിസി പ്രസിഡന്റ് പറഞ്ഞതു വെറുതെ ഈ കാശു മുടക്കി നടത്തിയ പ്രചാരണത്തിന്റെ ആവശ്യമില്ലായിരുന്നു എന്നായിരുന്നു.
ആദ്യ എതിരാളി
കൊച്ചിയുടെ ആദ്യമേയറായിരുന്ന എ.എ.കൊച്ചുണ്ണി മാസ്റ്ററായിരുന്നു ആദ്യ അങ്കത്തില്‍ തോമസ് മാഷിന്റെ എതിരാളി. മുതിര്‍ന്ന ഒരു നേതാവായിരുന്ന അദ്ദേഹത്തോട് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു തോമസ് മാഷിന്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരിക്കല്‍ ഇടപ്പള്ളിയില്‍ തോമസ് മാഷും കൊച്ചുണ്ണി മാസ്റ്ററും കണ്ടുമുട്ടി. രണ്ടു പേര്‍ക്കും അവിടെ സ്വീകരണമുണ്ട്. കൊച്ചുണ്ണി മാസ്റ്ററെ പ്രസംഗിക്കാനായി അനുവദിച്ച് തോമസ് മാഷ് മാറിനിന്നു. പ്രസംഗം അവസാനിപ്പിക്കുന്നതിനിടയില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് കൊച്ചുണ്ണി മാസ്റ്റര്‍ അറിയാതെ പറഞ്ഞു. കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹത്തിന് പഴയ ഓര്‍മയില്‍ അറിയാതെ പറ്റിപ്പോയതാണ്. പക്ഷെ പിറ്റേദിവസം പത്രങ്ങളില്‍ കെ.വി. തോമസിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് കൊച്ചുണ്ണി മാസ്റ്റര്‍ എന്നുപറഞ്ഞ് വാര്‍ത്തകള്‍ വന്നു.
മാധ്യമങ്ങളുടെ പിന്തുണ
മാധ്യമങ്ങള്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരുപാട് സഹായിച്ചിരുന്നു എന്ന് തോമസ് മാഷ് പറയുന്നു. പലതെരഞ്ഞെടുപ്പുകളിലും മികച്ച പിന്തുണ മാധ്യമങ്ങള്‍ നല്‍കിയിരുന്നു. അത് ഇന്നും തുടര്‍ന്നുപോരുന്നു. എന്നാല്‍, നല്ല അനുഭവങ്ങള്‍ പോലെ മോശം അനുഭവവും ഉണ്ടായിട്ടുണ്ട്.
1996 ല്‍ ഫ്രഞ്ച് ചാരക്കേസ് വിവാദത്തില്‍ പെട്ടപ്പോള്‍ പിന്തുണച്ചിരുന്ന മാധ്യമങ്ങള്‍ വളരെ ശക്തമായി എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം പറയുന്നു. പത്രപ്രവര്‍ത്തകരുമായി എല്ലാക്കാലത്തും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
ആദ്യതോല്‍വി
ലോക്സഭയിലേക്കും നിയമസഭയിലേക്കുമായി എട്ടു തവണ തോമസ് മാഷ് തെരഞ്ഞെടുപ്പിനെ നേരിട്ടുട്ടുണ്ട്. എന്നാല്‍, തോല്‍വി അറിയേണ്ടി വന്നത് ഒരു തവണ മാത്രം. അത് 1996 ല്‍ സേവ്യര്‍ അറയ്ക്കലിനോട്. ഫ്രഞ്ച് ചാരക്കേസ് വിവാദം കത്തിനില്‍ക്കുന്ന സമയം. പ്രചരണത്തിന് ഇറങ്ങിയപ്പോള്‍ തന്നെ ജനങ്ങള്‍ എതിരാണെന്ന് ബോധ്യപ്പെട്ടു. കാരണം, സ്ത്രീകള്‍ അവരുടെ അനിഷ്ടം നേരിട്ട് പ്രകടിപ്പിക്കും. മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ വീടുകളില്‍ കയറി പ്രചരണം നടത്തുമ്പോള്‍ വീടുകളില്‍ നിന്ന് സ്ത്രീകള്‍ പുറത്തിറങ്ങി വന്ന് കൈതരികയും ആശംസകള്‍ നല്‍കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അത്തവണ അങ്ങനെ ഉണ്ടായില്ല സ്ത്രീകളൊന്നും ഇറങ്ങിവന്നിരുന്നില്ല. അപ്പോള്‍ തന്നെ പരാജയം പ്രതീക്ഷിച്ചിരുന്നു.
പ്രചാരണത്തില്‍ ഒരുപാടു മാറ്റങ്ങള്‍ വന്നു
കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സ്കൂളിലായിരുന്നു പഠനം അവിടെ പ്രധാനാധ്യാപകനായിരുന്ന അലക്സാണ്ടര്‍ പറമ്പിത്തറ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുന്നതാണ് ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ അനുഭവം. പ്രചാരണത്തിന് മൈക്കില്ലായിരുന്നു. സമ്മേളനത്തില്‍ ഉച്ചഭാഷിണി ഉണ്ടായിരിക്കും എന്നു എഴുതിവച്ചിരുന്ന കാലം.
അലക്സാണ്ടര്‍ പറമ്പിത്തറ മാസ്റ്റര്‍ക്ക് ആയിരുന്നു അക്കാലത്ത് ആകെ ഒരു ഹാന്‍ഡ് മൈക്ക് ഉണ്ടായിരുന്നത്. അദ്ദേഹം ആ മൈക്ക് തോളില്‍ തൂക്കി പ്രസംഗിക്കുന്നത് ഒരു നല്ല ഓര്‍മയാണ്. പറമ്പിത്തറ മാസ്റ്ററും എ.എല്‍. ജേക്കബും ലീഡറുമെല്ലാം ജനങ്ങളോട് അടുത്തിടപഴകി അവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കണ്ട് അതെ രീതിയാണ് അനുവര്‍ത്തിച്ചിരുന്നതെന്ന് തോമസ് മാഷ് പറയുന്നു. ജനങ്ങള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പറഞ്ഞ് കിട്ടുന്ന പബ്ലിസിറ്റി അത് എത്ര പ്രചാരണം നടത്തിയാലും ഉണ്ടാക്കിയെടുക്കാന്‍ പറ്റില്ല. അതിന് അവരോട് അടുത്ത് ഇടപഴകണം. അത് വോട്ടാകാന്‍ എളുപ്പമാണ്. അവരുടെ കൂടെ ഉള്ള ഒരാളെ അവര്‍ കൈവിടില്ല. ഈ സാധാരണക്കാരുടെ പിന്തുണയാണ് തന്റെ ശക്തിയെന്നും അദ്ദേഹം പറയുന്നു.
മുമ്പ് മതിലുകള്‍ വരെ ഇല്ലാതിരുന്ന കാലത്ത് ഓലയില്‍ കുമ്മായം കൊണ്ട് എഴുതി പ്രചാരണത്തിന് പോയകാലമുണ്ടായിരുന്നു. ചെറിയ പോസ്റ്ററുകളും തുണികൊണ്ടുള്ള ബാനറുകളും മറ്റുമായിരുന്നു മാര്‍ഗങ്ങള്‍. പിന്നീട് മതിലുകള്‍ വന്നതോടെ ചുവരെഴുത്തുകള്‍ വന്നു. ഫഌക്സുകള്‍ വന്നു, വലിയ ബാനറുകള്‍ വന്നു. ഇപ്പോള്‍ സാങ്കേതികവിദ്യ വികസിച്ചിരിക്കുന്നു. ഫേസ്ബുക്ക് വന്നു ഓണ്‍ലൈന്‍ സംവാദങ്ങളായി.
ആത്യന്തികമായി ജനങ്ങളുമായുള്ള അടുപ്പം മാത്രമെ തെരഞ്ഞെടുപ്പ് വിജയത്തിന് സഹായിക്കു എന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.
ലോക്സഭാംഗമായിരുന്നപ്പോഴും നിയമസഭാംഗമായിരുന്നപ്പോഴും കേന്ദ്രത്തിലും സംസ്ഥാനത്തും മന്ത്രിയായിരുന്നപ്പോഴും ജനങ്ങളുമായി പുലര്‍ത്തിയിരുന്ന ബന്ധമാണ് തന്റെ ബലമെന്ന് അദ്ദേഹം പറയുന്നു. എത്ര തിരക്കുണ്ടായാലും എല്ലാ ആഴ്ച്ചയും മണ്ഡലത്തില്‍ എത്താന്‍ ശ്രമിക്കും അവിടുള്ള പരിപാടികളില്‍ പങ്കെടുക്കും. താന്‍ കണ്ടു പഠിച്ച നേതാക്കന്മാരായ ലീഡറും എ.എല്‍.ജേക്കബ് എന്ന ജേക്കബേട്ടനുമെല്ലാം കാണിച്ചുതന്ന പാഠവും അതുതന്നെ. അത് എന്നും പിന്തുടരുമെന്നും അദ്ദേഹം പറയുന്നു.