കണ്ണൂര്‍: മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ചാണു രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന് അഴീക്കോട് മണ്ഡലത്തിലെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയും റിപ്പോര്‍ട്ടര്‍ ടിവി എംഡിയുമായ നികേഷ് കുമാര്‍. മാധ്യമപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനമായി തന്നെയാണു താന്‍ കണ്ടിരുന്നത്. രാഷ്ട്രീയത്തില്‍ നേരിട്ടു പ്രവര്‍ത്തിക്കണമെന്നു മനഃസാക്ഷി പറഞ്ഞതുകൊണ്ടാണു മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ചു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും നികേഷ് കുമാര്‍ പറഞ്ഞു.
അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ.എം. ഷാജി നല്ല സ്ഥാനാര്‍ഥിയാണ്. അദ്ദേഹത്തിനെതിരേ ജയം നേടാന്‍ തന്നെയാണു മത്സരിക്കുന്നത്. സ്ഥാനാര്‍ഥിത്വത്തിനെതിരേ ഉയര്‍ന്ന എതിര്പ്പുകളെകുറിച്ചു ചോദിച്ചപ്പോള്‍ അക്കാര്യം താന്‍ ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു എം.വി. രാഘവന്റെ മകന് കൂടിയായ നികേഷിന്റെ മറുപടി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം കണ്ണൂരിലേക്കു വരുംവഴി വടകരയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു നികേഷ് കുമാര്‍.
മനോജ് വധക്കേസില്‍ പ്രതിയായ പി. ജയരാജന് ജാമ്യവ്യവസ്ഥകളെ തുടര്‍ന്നു കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. വടകരയില്‍ സഹോദരി പി. സതീദേവിയുടെ വീട്ടിലാണു ജയരാജന്റെ താമസം. ഇവിടെ വച്ചാണ് നികേഷ് കുമാര്‍ ജയരാജനെ കണ്ടത്. കണ്ണൂര്‍ ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥികളായ കെ.കെ. ശൈലജ (കൂത്തുപറമ്പ്), ബിനോയ് കുര്യന് (പേരാവൂര്‍), എ.എന്‍. ഷംസീര്‍ (തലശേരി) എന്നിവരും എം.വി. ജയരാജനും നികേഷിനൊപ്പമുണ്ടായിരുന്നു.
നികേഷ് കുമാറിനെ അഴീക്കോട് ഇടത് സ്ഥാനാര്‍ഥിയായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നു പി. ജയരാജന് പറഞ്ഞു. കഴിഞ്ഞതവണ നേരിയ വോട്ടുകള്‍ക്കാണ് അഴീക്കോട് സീറ്റ് നഷ്ടപ്പെട്ടത്. നികേഷ് കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ വലിയ വിജയപ്രതീക്ഷയാണ് എല്‍ഡിഎഫിന് ലഭിച്ചിരിക്കുന്നത്. നികേഷിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ എല്‍ഡിഎഫിലോ സിപിഎമ്മിലോ യാതൊരു അസ്വാരസ്യങ്ങളുമില്ല. ഏകകണ്ഠമായിട്ടാണു സ്വതന്ത്രസ്ഥാനാര്‍ഥിയായി നികേഷിനെ തീരുമാനിച്ചതെന്നും പി. ജയരാജന് പറഞ്ഞു.
തന്റെ അസാന്നിധ്യം കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഒട്ടുംതന്നെ ബാധിക്കില്ല. എന്നെ മാത്രം ആശ്രയിച്ചല്ല കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അരലക്ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലയിലുണ്ട്. തനിക്കു മാറിനില്‍ക്കേണ്ടി വന്ന സാഹചര്യങ്ങള്‍ പ്രവര്‍ത്തകര്‍ക്കു നന്നായി അറിയാം. അതുകൊണ്ടു തന്നെ തന്റെ അസാന്നിധ്യത്തില്‍ പൂര്‍വാധികം കരുത്തോടെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു കഴിയും. ഇപ്പോള്‍ നടന്നുവരുന്ന ചികിത്സ ഏപ്രില്‍ ഒന്‍പത് വരെ തുടര്‍ന്ന ശേഷം ആരോഗ്യം സമ്മതിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനത്തിനിറങ്ങും. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും ജയരാജന് പറഞ്ഞു.
ജയരാജനെ സന്ദര്‍ശിച്ച ശേഷം കണ്ണൂരിലെത്തിയ നികേഷ് കുമാര്‍ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലെത്തി. എം.വി. ജയരാജന്, എം. പ്രകാശന് തുടങ്ങിയ നേതാക്കള്‍ ചേര്‍ന്നു നികേഷിനെ സ്വീകരിച്ചു. തുടര്‍ന്ന് ഗാന്ധിസ്ക്വയറിലെ എകെജി സ്തൂപത്തിലും പയ്യാമ്പലത്തെ എം.വി. രാഘവന് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിലും പുഷ്പാര്‍ച്ചന നടത്തി. പള്ളിക്കുന്നില്‍ അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചര്‍, സാഹിത്യകാരന് ടി. പദ്മനാഭന് തുടങ്ങിയ പ്രമുഖ വ്യക്തികളെ സന്ദര്‍ശിച്ചു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലും നികേഷ് കുമാര്‍ ഇന്നു സന്ദര്‍ശനം നടത്തും.