നേമം : വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച കേസില്‍ യുവാവ് നേമം പോലീസിന്റെ പിടിയില്‍. പത്തനംതിട്ട തിരുവല്ല ഇരവിപേരൂര്‍ കോഴിമല ലക്ഷം വീട് കോളനിയില്‍ കുരുവിക്കാട് വീട്ടില്‍ സിദ്ധാര്‍ഥ് എന്നുവിളിക്കുന്ന സോനു (26) ആണ് പിടിയിലായത്. ഈ മാസം 17 ന് നേമം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായതായി നേമം പോലീസിന് പരാതി കിട്ടിയിരുന്നു.
ഇതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരവെ യുവതി മടങ്ങിയെത്തി. കോടതിയില്‍ ഹാജരാക്കിയ യുവതിയെ വീട്ടുകാരോടൊപ്പം വിട്ടയയ്ക്കുകയായിരുന്നു. ഇതിനിടയില്‍ സോനു പാപ്പനംകോട്ട് ഒരു തട്ട് കടയില്‍ ജോലിക്കെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ മാര്‍ഗം യുവതിയെ ആന്ധ്ര പ്രദേശില്‍ കൊണ്ടുപോയാണ് യുവാവ് പീഡിപ്പിച്ചത്.
ഇതിനു മുമ്പ് മറ്റൊരു യുവതിയുമായി കഴിഞ്ഞുവരവേയാണ് നേമത്തെ യുവതിയുമായി അടുപ്പത്തിലാകുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ നെടുമങ്ങാട്, തിരുവല്ല പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. നേമം സിഐ ആര്. സുരേഷ്കുമാര്‍, ക്രൈം എസ്ഐ എം.എസ്. ഹരി, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ജസ്റ്റിന് ജോസ്, രാധാകൃഷ്ണന് നായര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാര്‍, സജിത്ത്, ഗിരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.