സര്‍ക്കാര്‍ ഭൂമി മാലിന്യസംഭരണ കേന്ദ്രമായി; വില്ലേജ് ഓഫീസില്‍ ഇരിക്കാന്‍ വയ്യാതായി

knr-wasteപയ്യന്നൂര്‍: നഗരഹൃദയത്തിലുള്ള സര്‍ക്കാര്‍ ഭൂമി മാലിന്യ സംഭരണകേന്ദ്രമായതോടെ മൂക്കുപൊത്തിയിരിക്കേണ്ട ഗതികേടിലാണ് പയ്യന്നൂര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാര്‍. വില്ലേജ് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന പൊതുജനങ്ങളും ബുദ്ധിമുട്ടിലാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ആര്‍ഐ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന ഈ ഓടുമേഞ്ഞ പഴയ കെട്ടിടമാണ് പില്‍ക്കാലത്ത് വില്ലേജ് ഓഫീസായി മാറ്റിയത്.

ജീര്‍ണത മൂലം മഴക്കാലത്ത് ഫയലുകള്‍ നനയാനും കെട്ടിടം തകരാനും തുടങ്ങിയപ്പോള്‍ പുതിയ കെട്ടിടമുണ്ടാക്കണമെന്ന മുറവിളി ഉയര്‍ന്നിരുന്നു. ഇതിന്റെയൊക്കെ ഫലമായാണ് 18 സെന്റ്് സ്ഥലത്തെ പഴയ കെട്ടിടത്തിന്റെ സമീപത്ത് പുതിയ കെട്ടിടം നിര്‍മിച്ച് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം അതിലേക്ക് മാറ്റിയത്.

വില്ലേജ് ഓഫീസ്-അമ്പലം റോഡരികിലായി നില്‍ക്കുന്ന പഴയ കെട്ടിടം ഏതു സമയത്തും തകര്‍ന്നുവീണ് അപകടമുണ്ടാകുമെന്ന അവസ്ഥയായതോടെ പിഡബ്ല്യുഡി കെട്ടിടം പൊളിക്കുന്നതിന് നടപടികളെടുത്തെങ്കിലും ഫലിച്ചില്ല. ഡിപ്പാര്‍ട്ട്‌മെന്റ് നിശ്ചയിച്ച തുകക്ക് കെട്ടിടം പൊളിച്ചുനീക്കാന്‍ ആരും മുന്നോട്ടു വരാത്തതാണ് ഇതിന് കാരണം.

പിന്നീട് തുടര്‍നടപടികളൊന്നും ആരും സ്വീകരിച്ചുമില്ല. ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്ന പഴയ കെട്ടിടത്തിന്റെ കിഴക്കുഭാഗം ഇപ്പോള്‍ മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ്. നഗരത്തിലേക്ക് വരുന്ന വാഹനങ്ങളില്‍ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് കൂടുകളില്‍ കൊണ്ടുവരുന്ന മാലിന്യങ്ങള്‍ ഇവിടേക്ക് വലിച്ചെറിയുകയാണ്. ഇതുമൂലമാണ് തൊട്ടടുത്ത വില്ലേജ് ഓഫീസിലേക്ക് ദുര്‍ഗന്ധമെത്തുന്നത്. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമുള്ള ആവശ്യമാണ് ജനങ്ങളില്‍ നിന്നുയരുന്നത്.

Related posts