അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ മുഖ്യപ്രതി കൊപ്ര രാജേഷ് തലശേരിയില്‍ അറസ്റ്റില്‍; സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നൂറിലധികം കേസുകളില്‍ പ്രതിയാണിയാള്‍

kOPRAതലശേരി: സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറിലേറെ കവര്‍ച്ചകള്‍ നടത്തിയിട്ടുള്ള അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ മുഖ്യപ്രതി മാരകായുധങ്ങളുമായി തലശേരിയില്‍ അറസ്റ്റില്‍. തിരുവനന്തപുരം വട്ടിയൂര്‍കാവ് കൊടുംനാങ്കര്‍ പഴവിളകത്ത് വീട്ടില്‍ വിശ്വനാഥന്റെ മകന്‍ രാജേഷ് എന്ന കൊപ്ര രാജേഷി (36) നെയാണ് ഇന്നു പുലര്‍ച്ചെ 3.40ന് തലശേരി ടൗണ്‍ സിഐ പി.എം. മനോജ്കുമാര്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ സി. ഷാജു, അഡീഷണല്‍ എസ്‌ഐ കൃഷ്ണകുമാര്‍, എഎസ്‌ഐ അജയകുമാര്‍, എസ്പിയുടെ സ്ക്വാഡിലെ അംഗങ്ങളായ സീനിയര്‍ പോലീസ് ഓഫീസര്‍ ബിജുലാല്‍, വിനോദ് ഷാഡോ പോലീസ് അംഗങ്ങളായ വേണുഗോപാല്‍, മഹേഷ്, സുധീഷ്, മനോജ്, സുജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈയില്‍ നിന്ന് കമ്പിപ്പാര, പിക്കാസ്, ഗ്ലൗസ്, ബ്ലേഡ് എന്നിവ പിടികൂടിയിട്ടുണ്ട്. ചേറ്റംകുന്നിലെ ഒരു വീട് കൊള്ളയടിക്കാനെത്തിയതായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു.

സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നൂറിലധികം കേസുകളില്‍ പ്രതിയാണിയാള്‍. വട്ടിയൂര്‍കാവ്, പേരൂര്‍കട, തിരുവല്ല, ആറ്റിങ്ങല്‍, ചിറയന്‍കീഴ്, വര്‍ക്കല, കൊട്ടാരക്കര, കളമശേരി, ചിങ്ങവനം, പത്തനംതിട്ട, അടൂര്‍ തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രാജേഷിന്റെ സംഘത്തിലെ മറ്റ് അംഗങ്ങളായ കൊല്ലം സ്വദേശി ഫാന്റം പൈലി എന്ന ഷാജി ആറ്റിങ്ങലില്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഡിഐജി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ എറണാകുളത്തെ ചോറ്റാനിക്കര സ്വദേശിയായ നാരായണ ദാസും കൊട്ടാരക്കര സ്വദേശി രാഹുലും കോഴിക്കോട് കൊടുവള്ളി സ്വദേശി നിസാറും ഈ സംഘത്തിലെ അംഗങ്ങളാണ്. നാരായണ ദാസിനെ ചോറ്റാനിക്കര പോലീസും രാഹുലിനെയും നിസാറിനെയും കാഞ്ഞാര്‍ പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊപ്ര രാജേഷ്  കൊപ്ര ബിജു, കൊപ്ര നസീര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഡിഐജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ നാരായണ ദാസിന്റെ ചോറ്റാനിക്കരയിലെ ആഡംബര വീട് കേന്ദ്രീകരിച്ചായിരുന്നു സംഘം മുന്‍കാലങ്ങളില്‍ കളവ് നടത്തിവന്നിരുന്നത്. സംഘത്തില്‍ കണ്ണൂര്‍ ജില്ലക്കാര്‍ ഉള്‍പ്പെടെ രണ്ടുപേര്‍കൂടി ഉള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കാക്കനാട്ടെ ജയിലില്‍ കഴിയവെയാണ് കൊപ്ര രാജേഷ് നാരായണ ദാസുമായി പരിചയപ്പെടുന്നത്. കളമശേരി പോലീസ് അറസ്റ്റ് ചെയ്ത കേസിലാണ് കൊപ്ര രാജേഷ് കാക്കനാട് ജയിലില്‍ കഴിഞ്ഞിരുന്നത്.

മുളംതുരുത്തി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്നും വീട് കൊള്ളയടിച്ച സംഘം സ്വര്‍ണാഭരണങ്ങളും വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്നിരുന്നു. കഴിഞ്ഞ ജനുവരി 17ന് കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടിലും ജനുവരി രണ്ടിന് ചോറ്റാനിക്കരയിലെ വീട്ടിലും ഇവര്‍ കൊള്ളനടത്തിയിരുന്നു. ആദ്യഘട്ടത്തില്‍ നാരായണദാസിന്റെ കാറിലാണ് ഇവര്‍ സഞ്ചരിച്ച് കവര്‍ച്ച നടത്തിയത്. പിന്നീട് കാര്‍ വാടകയ്‌ക്കെടുത്തായിരുന്നു സംഘം സഞ്ചരിച്ചത്.

തലശേരി, മാഹി എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്ത് നഗരത്തില്‍ വന്‍കവര്‍ച്ചനടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കൊപ്ര രാജേഷ് പിടിയിലായത്. തലശേരിയിലെ പ്രമുഖ വ്യാപാരിയുടെ വീട്ടില്‍ നടന്ന മോഷണശ്രമമാണ് ഈ സംഘത്തിലേക്ക് അന്വേഷണം ചെന്നെത്തിയത്. ഇന്നു പുലര്‍ച്ചെ കൊപ്ര രാജേഷിനെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴടക്കിയത്. പകല്‍ മോഷണത്തില്‍ വിദഗ്ധനായ ഇയാള്‍ അരമണിക്കൂര്‍കൊണ്ട് കവര്‍ച്ച നടത്തി രക്ഷപ്പെടുകയാണ് പതിവ്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുകയും വിലകൂടിയ മദ്യം കഴിക്കുകയും ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ അണിയുകയും വിനോദ സഞ്ചാരം നടത്തുകയുമാണ് ഇയാളുടെ പതിവ്.  പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Related posts