ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോടുനിന്ന് ആലപ്പുഴയിലേക്ക് വന്നവർക്കോ ഇവിടെ നിന്ന് അവിടേക്ക് പോയി തിരിച്ചു വന്നവർക്കോ പനിയോ മറ്റസുഖങ്ങളോ ഉണ്ടെങ്കിൽ കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പനി, ശക്തമായ തലവേദന, കടുത്ത ജലദോഷം, കടുത്ത ചുമ, മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങൾ എന്നിവയുണ്ടെങ്കിലും ആശുപത്രിയിൽ ചികിത്സിക്കണം. ആശുപത്രിയിൽ പോകുന്പോൾ കഴിവതും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കണം. രോഗിയുടെ കൂടെ പോകുന്നവരും മാസ്കോ മൂന്നായി മടക്കിയ തൂവാലയോ ഉപയോഗിക്കണം.
ആശുപത്രിയിലെത്തുന്പോൾ മറ്റു രോഗികളുമായി സന്പർക്കം വരാതെ നേരിട്ട് ഡോക്ടറെ കാണണം. ഡോക്ടർ പരിശോധിച്ച് മടക്കി അയയ്ക്കുന്നവർ വീട്ടിലും മാസ്ക്, മൂന്നായി മടക്കിയ തൂവാല ഉപയോഗിക്കണം. ഉപയോഗശേഷം അണുനാശിനി ഉപയോഗിച്ച് ഇത് നശിപ്പിക്കണം.
മാസ്ക് മാറ്റുന്പോഴും അല്ലാതെയും കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. രോഗി ഉപയോഗിച്ച പാത്രങ്ങളും തുണികളും സോപ്പുപയോഗിച്ച് കഴുകണം. രോഗി കഴിവതും ഒരു മുറിയിൽ തന്നെ വിശ്രമിക്കുക. ഒരാൾ തന്നെ രോഗിയെ പരിചരിക്കുക.
ധാരളം വെള്ളവും കുടിച്ചുകൊണ്ടിരിക്കുക. ജനങ്ങൾ രോഗികളെ ആശുപത്രികളിലോ വീടുകളിലോ പോയി കാണുന്നത് ഒഴിവാക്കണം. പനി ഉണ്ടായാൽ സ്വയം ചികിത്സ പാടില്ല. തുമ്മുന്പോളും ചുമയ്ക്കുന്പോളും തൂവാല ഉപയോഗിക്കുക. കൈകൾ കൊണ്ട് മുഖത്ത് സ്പർശിക്കുന്നതൊഴിവാക്കുക. ഈ മുൻകരുതലുകൾ എല്ലാ പകർച്ച പനികൾക്കും സ്വീകരിക്കേണ്ടവയാണ്.