ചമ്പക്കുളം: വെള്ളമൊഴുക്കിനുള്ള നാടിന്റെ ഞരന്പുകളും ഗതാഗത മാർഗങ്ങളുമായിരുന്ന നാട്ടുതോടുകൾ നാശത്തിന്റെ വക്കിൽ. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇവ ഏറെ സജീവമായിരുന്നു. വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാനും ഇവയ്ക്കു കഴിഞ്ഞിരുന്നു. എന്നാൽ, ജലഗതാഗതം നിലച്ചതോടെ ഉപയോഗശൂന്യമായ നാട്ടുതോടുകൾ മിക്കവയും ഇന്നു നാശത്തിന്റെ വക്കിലാണ്.
ഇവയെ പരിരക്ഷിക്കാനോ സംരക്ഷിക്കാനോ അധികാരികൾ മനസു വയ്ക്കാതായതോടെ ഇവ ദുരിതം വിതയ്ക്കുകയും നശിക്കുകയുമാണ്. നീരൊഴുക്കു നിലച്ചും പായൽ തിങ്ങിയും നാട്ടുകാർക്ക് ദുരിതം സമ്മാനിക്കുന്ന മാലിന്യവാഹികളായി ഇവ മാറിക്കഴിഞ്ഞു. അവയുടെ ആഴം കൂട്ടാനോ സംരക്ഷിക്കാനോ ഇനിയും അധികാരികൾ വേണ്ടത്ര താത്പര്യമെടുക്കുന്നില്ല.
രാജഭരണകാലത്ത് രാജാവിനു കാര്യവിചാരിപ്പിന് ജലവാഹനങ്ങളിൽ എത്താൻ ഇന്നു റോഡുകൾ നിർമിക്കുന്നതു പോലെയായിരുന്നു 18ഉം 19ഉം നൂറ്റാണ്ടുകളിൽ തോടുകൾ നിർമിച്ചിരുന്നത്. പമ്പ, മണിമല, അച്ചൻകോവിൽ തുടങ്ങിയ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പല പ്രധാന തോടുകളും നാട്ടുരാജാക്കൻമാരുടെ കാലത്തു നിർമിച്ചവയായിരുന്നു.
ഒരേസമയം രണ്ടും മൂന്നും വലിയ യാത്രാബോട്ടുകൾ സഞ്ചരിച്ചിരുന്ന പതിനഞ്ചും ഇരുപതും മീറ്റർ വീതിയുണ്ടായിരുന്ന തോടുകൾക്ക് ഇന്നു കഷ്ടിച്ച് മൂന്നോ നാലോ മീറ്റർ വീതി. പലതും ചെറുവള്ളത്തിനു പോലും യാത്ര ചെയ്യാനാവാത്ത വിധം കാട് കയറി.
എസി കനാലിന് മരണമണി
കുട്ടനാട്ടിലെ ഏറ്റവും പ്രധാന മനുഷ്യനിർമിത തോടാണ് എസി കനാൽ. മൂന്നു പതിറ്റാണ്ട് മുന്പുവരെ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽനിന്നു ചങ്ങനാശേരി മനയ്ക്കച്ചിറയിൽ നിരവധി മോട്ടോർ ബോട്ടുകൾ യാത്രക്കാരുമായി എത്തിയിരുന്നു. എന്നാൽ, ഇന്ന് ഒരു ചെറുവള്ളത്തിനു പോലും എസി കനാലിൽ ചങ്ങനാശേരി മനയ്ക്കച്ചിറ മുതൽ ഒന്നാം കര വരെ യാത്ര ചെയ്യാൻ പറ്റില്ല. ബോട്ട് യാത്ര ഇനി ഒരു സ്വപ്നം മാത്രം.
അന്പലപ്പുഴത്തോട്
ജലഗതാഗത വകുപ്പിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു അമ്പലപ്പുഴ ക്ഷേത്രത്തിനു കിഴക്കുള്ള അമ്പലപ്പുഴ ബോട്ട് ജെട്ടി. രണ്ടും മൂന്നും വലിയ ബോട്ടുകൾ വന്നുപോയിരുന്ന അമ്പലപ്പുഴ ബോട്ട് ജെട്ടിയും അമ്പലപ്പുഴത്തോടും ഇന്നു കാടു മൂടി പാമ്പിന്റെയും മറ്റ് ക്ഷുദ്രജീവികളുടേയും ആവാസ കേന്ദ്രമായി. പമ്പാനദിയുടെ കൈവഴിയായ പൂക്കൈത ആറ്റിൽനിന്ന് അമ്പലപ്പുഴയ്ക്കുള്ള തോട് വീതി കുറഞ്ഞ് തോട് എന്ന പേരിനു പോലും യോഗ്യമല്ലാതായി. പൂക്കൈതയാറ്റിൽനിന്നു ചമ്പക്കുളത്തു പമ്പയാറ്റിലേക്ക് എത്തുന്ന നെടുമുടി പഞ്ചായത്തിലെ ചെമ്പകശേരി തോടിന്റെ സ്ഥിതി മറ്റൊന്നല്ല.
പമ്പാനദിയിൽനിന്നു നിരവധി തോടുകൾ മണിമല ആറ്റിലേയ്ക്ക് ഉണ്ടായിരുന്നു. മിക്കതിലുംജലഗതാഗതവകുപ്പിന്റെ ബോട്ടുകൾ ഒാടിയിരുന്നു. എന്നാൽ, എടത്വാ, രാമങ്കരി, ചമ്പക്കുളം, മുട്ടാർ എന്നി പഞ്ചായത്തുകളിലെ ബോട്ട് ഗതാഗതം ഉണ്ടായിരുന്ന തോടുകളിലൂടെ ഇന്നു ചെറുവള്ളത്തിനു പോലും യാത്ര ചെയ്യാനാവില്ല.
കാവാലം, പുളിങ്കുന്ന്, കൈനകരി, ചമ്പക്കുളം തുടങ്ങിയ പ്രദേശങ്ങളിൽനിന്നു ചങ്ങനാശേരി ചന്തയിലേക്ക് നാട്ടു തോടുകളിലൂടെയുള്ള യാത്ര മുതിർന്ന തലമുറയുടെ ഒാർമച്ചിത്രം മാത്രം.
അടിയന്തരമായിചെയ്യേണ്ടത്
തോടുകളെ വീണ്ടെടുക്കണം. അവയുടെ ആഴവും വീതിയും പുനഃസ്ഥാപിക്കണം. നീരൊഴുക്കിനു തടസമായ പാലങ്ങളും നിർമിതികളും ഒഴിവാക്കണം, പായലും പോളയും സംഭരിക്കാനുള്ള ഇടമല്ല തോടുകൾ എന്ന് അധികാരികൾ തിരിച്ചറിയണം. നാട്ടു തോടുകളിൽ ഗതാഗത സൗകര്യം പുനഃസ്ഥാപിക്കാൻ കഴിയുംവിധം നവീകരിക്കണം.
ഇതു വിനോദസഞ്ചാരത്തിനു പ്രയോജനപ്പെടുത്തണം. നിശ്ചിത ഇടവേളകളിൽ ചുണ്ടൻവള്ളങ്ങളെയും ചെറുവള്ളങ്ങളെയും പങ്കെടുപ്പിച്ച് കനാലുകളിൽ വള്ളംകളിയും മറ്റു ജലവിനോദങ്ങളും സംഘടിപ്പിക്കണം. തോടുകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ പരിപാടികൾ നടത്തണം. തോടുകൾ പ്രയോജനപ്പെടുത്താൻ ടൂറിസംവകുപ്പ് മുൻകൈയെടുക്കണം.