വൈപ്പിൻ: എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന വി.കെ. കൃഷ്ണൻ മരിക്കുന്നതിനു മുന്പ് സംബന്ധിച്ച ലോക്കൽ കമ്മിറ്റിയിൽ പാർട്ടി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായി സൂചന. പത്താം തിയതിയിലെ സിപിഎം ലോക്കൽ കമ്മിറ്റിയുടെ യോഗത്തിലാണ് തർക്കമുണ്ടായത്.
കൃഷ്ണനുമായി കമ്മിറ്റിയിൽ തർക്കവുമുണ്ടായെന്നും സൂചനയുണ്ട്.
ഇതിനിടിയിൽ കമ്മിറ്റിയിൽ നിന്നും ഇടക്ക് വികാരാധീനനായി ഇറങ്ങിപ്പോന്ന കൃഷ്ണനെ പാർട്ടി ഏരിയാ സെക്രട്ടറി പിന്നാലെ എത്തി അനുനയിപ്പിച്ചതും കണ്ടവരുണ്ടത്രേ. “എന്നെ പുകച്ച് പുറത്ത് ചാടിക്കുന്ന ഒരു പാർട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി. എന്റെ സമനിലയും തെറ്റി.
എനിക്ക് ഇങ്ങിനെ ചെയ്യാനെ കഴിയു’ എന്ന് ആത്മഹത്യക്കുറിപ്പിൽ വ്യക്തമായി എഴുതിവച്ച് മരിച്ചതാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുള്ളത്. യാഥാർഥ്യം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. പോലീസാകട്ടെ അസ്വാഭാവിക മരണത്തിനു കേസെടുക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്.
നവംബറിൽ നടക്കുന്ന കർത്തേടം ബാങ്ക് തെരഞ്ഞെടുപ്പായിരുന്നു യോഗത്തിന്റെ അജണ്ട. ഈ ബാങ്കിന്റെ ഭരണ സമിതിയ അംഗം കൂടിയായിരുന്നു കൃഷ്ണൻ. പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും എരിയാ സെക്രട്ടറിയും സംബന്ധിച്ച യോഗത്തിൽ എങ്ങിനെയെങ്കിലും ബാങ്കിന്റെ ഭരണം സിപിഐക്കാരിൽനിന്നും പിടിച്ചെടുക്കണമെന്നതായിരുന്നു മുഖ്യ ചർച്ചയത്രേ. ഈ ദൗത്യത്തിനായി ജില്ല ചുമതലപ്പെടുത്തിയ ആളാണത്രേ യോഗത്തിൽ സംബന്ധിച്ച ജില്ലാ സെക്രട്ടേറിയേറ്റംഗം.
ഇടതുമുന്നണി ഭരിച്ചുകൊണ്ടിരുന്ന ബാങ്കിൽ സിപിഎമ്മിലെ വിഎസ്പക്ഷക്കാരും ഒൗദ്യോഗിക പക്ഷക്കാരും തമ്മിലുള്ള വടംവലി പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേ തുടർന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടി ജില്ലാ നേതൃത്വം നിർദ്ദേശിച്ചയാൾക്ക് വോട്ട് ചെയ്യാതെ 12 അംഗ ഭരണസമിതിയിൽ കൃഷ്ണനുൾപ്പെടെ 9 പേർ വി എസ് പക്ഷക്കാരനായ കെ. എൽ. ദിലീപ് കുമാറിനു വോട്ട് ചെയ്തതോടെയാണ് എളങ്കുന്നപ്പുഴയിൽ സിപിഎമ്മിൽ സ്ഫോടനം നടന്നത്.
പ്രശ്നം രൂക്ഷമായതിനെ തുടർന്ന് ദീലീപിനെ സിപിഎം പുറത്താക്കി. എന്നാൽ രഹസ്യ ബാലറ്റായിരുന്നതിനാൽ സംശയത്തിന്റെ നിഴലിൽ പാർട്ടി കൃഷ്ണനെതിരേ നടപടിയെടുത്തില്ല. പിന്നീട് ദിലീപ് കുമാർ ഉൾപ്പെടെയുള്ള ചില ഭരണ സമിതിയംഗങ്ങളും പാർട്ടിക്കാരും സിപിഎം വിട്ട് സിപിഐയിലേക്ക് പോയി. ഇപ്പോൾ കൃഷ്ണൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചെങ്കിലും ഭരണസമിതിയിൽ ദിലീപിനെ ഏഴുപേർ പിന്തുണക്കുന്നതായാണ് അറിവ്.