പരവൂര്‍വെടിക്കെട്ട് ദുരന്തം: കരാറുകാരനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് കൂടുതല്‍ വിവരം ലഭിച്ചു

KLM-APAKADOMരാജീവ് ഡി.പരിമണം
കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കമ്പക്കെട്ടിന്റെ കരാറുകാരനായ കൃഷ്ണന്‍കുട്ടിയെക്കുറിച്ച് ക്രൈംബാഞ്ചിന് കൂടുതല്‍ വിവരം ലഭിച്ചതായാണ് അറിവ്. കരാറുകാരനായ വര്‍ക്കല സ്വദേശി കൃഷ്ണന്‍കുട്ടിയെക്കുറിച്ചാണ് വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഇയാളുടെ അനുജന്‍ കൊച്ചുമണി പിടിയിലായിട്ടുണ്ട്. അപകടദിവസം പുലര്‍ച്ചെതന്നെ കൃഷ്ണന്‍കുട്ടി  പരവൂരില്‍നിന്ന് മുങ്ങുകയായിരുന്നു. അന്ന് രാവിലെ ഇയാള്‍ വര്‍ക്കലയില്‍ കണ്ടതായി ചിലര്‍ പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തിയെങ്കിലും ഭാര്യയോടൊപ്പം രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളുടെ പടക്കനിര്‍മാണ പുരയില്‍നിന്ന് പടക്കവും മറ്റ് സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു.

പരവൂരില്‍ നടന്നത് മത്സരകമ്പമായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് സംഘം വിലയിരുത്തിയിട്ടുള്ളത്. സുരേന്ദ്രനും കൃഷ്ണന്‍കുട്ടിയുമാണ് കരാര്‍ എടുത്തിരുന്നത്. സംഭവത്തിനുശേഷം കൃഷ്ണന്‍കുട്ടി അനുജനുമായി മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടതായ വിവരവും ക്രൈബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.കൃഷ്ണന്‍കുട്ടിയുടെ സഹോദരന്‍ കൊച്ചുമണി രാവിലെയാണ് പിടിലായത്.   മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നിരുന്നു. കൃഷ്ണന്‍കുട്ടിയുടെ സഹായി കൊല്ലം സ്വദേശിയായ സിയാദിനെ കഴിഞ്ഞദിവസം പോലീസ് പിടികൂടി ചോദ്യം ചെയ്തതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കൃഷ്ണന്‍കുട്ടി ഉടന്‍ പിടിയിലാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകും. അതേസമയം പരവൂര്‍ദുരന്തകേസില്‍   ഉന്നതര്‍ ഇടപെട്ട് പോലീസുകാരുടെ മുഖം രക്ഷിക്കാന്‍ശ്രമം നടത്തുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കളക്ടറെ ബലിയാടാക്കാനാണ് നീക്കമെന്നും പറയുന്നു.

Related posts