കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐയും പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.45ന് അഭിമന്യുവിന് കുത്തേറ്റത്.
പോപ്പുവലര് ഫ്രണ്ട് പ്രവര്‍ത്തകരുള്‍പ്പെടെ 26 പ്രതികളെ മൂന്ന് ഘട്ടങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ആദ്യം കുറ്റപത്രം സമര്‍പ്പിച്ച ശേഷം രണ്ട് അനുബന്ധ കുറ്റപത്രങ്ങള്‍ കൂടി അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസിന്റെ വിചാരണ അനന്തമായി നീളുകയാണ്.
നവംബര്‍ ഒന്നിന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് കോടതി ഉത്തരവുണ്ടെങ്കിലും കേസിലെ നിര്‍ണായക സാക്ഷികaളായ 30 പേര് ഇപ്പോള്‍ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാതെ വിചാരണ ആരംഭിച്ചാല്‍ പ്രോസിക്യൂഷന്റെ സാക്ഷിവിസ്താരത്തെ ബാധിക്കും. കുറ്റപത്രമടക്കം നിര്ണായരേഖകള് കോടതിയുടെ സേഫ് കസ്റ്റഡിയില്‍ നിന്നും നഷ്ടപ്പെട്ടതിന്റെ ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്.
രേഖകള്‍ നഷ്ടപ്പെട്ടത് എങ്ങിനെയാണെന്ന് കണ്ടെത്താനായിട്ടില്ലെങ്കിലും ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രോസിക്യൂഷന് രേഖകള്‍ വീണ്ടും തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2018 സെപ്റ്റംബര്‍ 26 നാണു കുറ്റപത്രം സമര്‍പ്പിച്ചത്. കോടതിയുടെ സേഫ് കസ്റ്റഡിയില്‍നിന്നാണ് ഈ രേഖകള്‍ നഷ്ടപ്പെട്ടത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിനു പോലും വഴിയൊരുക്കിയ കേസാണു മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതകം. 2022 സെപ്റ്റംബറില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിരോധനത്തിനു കാരണമായ കുറ്റകൃത്യങ്ങളില്‍ അഭിമന്യു കൊലക്കേസും ഉള്‍പ്പെടുത്തിയിരുന്നു.