കൊച്ചി: നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന് പോലീസ് തീരുമാനം.മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകള്‍ പരാതിക്കാരന് ഹാജരാക്കിയിട്ടില്ലെന്നുമാണ് പോലീസ് വിലയിരുത്തല്‍.
ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്ന് പോലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. കൂടുതല്‍ തെളിവുകള്‍ പരാതിക്കാരന് നല്‍കുകയോ പുറത്തുവന്ന ശബ്ദ സംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ ചെയ്താല്‍ മാത്രം തുടര്‍നടപടി മതിയെന്നും പോലീസിന് നിയമപദേശം കിട്ടിയെന്നാണ് സൂചന.
വിവാദ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതിനു പിന്നാലെ രാഹുലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയത്.
തനിക്കെതിരെ എവിടെയും പരാതിയില്ലെന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെട്ടതിനു പിന്നാലെയാണ് പരാതിയിലെ വിവരങ്ങള്‍ പുറത്തു വന്നത്. യുവതിയുമായി രാഹുല്‍ നടത്തി എന്നവകാശപ്പെടുന്ന ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. പുറത്തു വന്ന ഓഡിയോ സന്ദേശത്തിലാണ് യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രീതിയിലുള്ള സംഭാഷണങ്ങളുള്ളത്.