മുണ്ടക്കയം: മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ മുന്നോടിയായി ശബരിമല നട തുറന്നതിന് പിന്നാലെ തീർഥാടന വാഹന അപകട പരമ്പരയും ആരംഭിച്ചു. ഇന്നലെ മുണ്ടക്കയത്തിനു സമീപം മാത്രമുണ്ടായത് നാല് അപകടങ്ങൾ.ഉച്ചയ്ക്ക് 12ന് പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിൽ അമരാവതിക്കു സമീപം ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർഥാടകരുടെ ഒമ്നിവാൻ നിയന്ത്രണംവിട്ട് മതിലിലേക്ക് ഇടിച്ചുകയറിയായിരുന്നു ആദ്യ അപകടം.
അപകടത്തെത്തുടർന്ന് ഡ്രൈവറും മുൻ സീറ്റിലെ തീർഥാടകനും വാഹനത്തിനുള്ളിൽ കുടുങ്ങി. നാട്ടുകാരും പോലീസും ഏറെനേരം പണിപ്പെട്ടാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഉൾപ്പെടെ ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ഈ അപകടത്തിൽ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ മുണ്ടക്കയം സ്വദേശിയുടെ കാർ കരിനിലത്തിനു സമീപം മറ്റൊരു തീർഥാടന വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു കാറുകൾക്കും സാരമായ കേടുപാട് സംഭവിച്ചു. തുടർന്ന് ആദ്യ അപകടത്തിൽ പരിക്കേറ്റവരെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.
ഇതിന് പിന്നാലെ 12.30ന് ദേശീയപാതയിൽ 35-ാം മൈൽ മെഡിക്കൽ ട്രസ്റ്റ് ജംഗ്ഷനു സമീപം നിയന്ത്രണംവിട്ട തീർഥാടന വാഹനം ആരോഗ്യവകുപ്പിന്റെ ഉൾപ്പെടെ രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം റോഡിന്റെ വശത്തെ ക്രാഷ് ബാരിയറിൽ ഇടിച്ചുനിന്നു. തെലുങ്കാന സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റു. ഇയാളെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ മൂന്ന് വാഹനങ്ങൾക്കും സാരമായ കേടുപാട് സംഭവിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗത തടസവുമുണ്ടായി. വൈകുന്നേരം നാലോടെ മരുതുംമൂട് ഗുരുമന്ദിരത്തിനു സമീപം ദർശനംകഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ റോഡിന്റെ വശത്തെ തിട്ടയിലിടിച്ച് അപകടമുണ്ടായി. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു.
ആന്ധ്ര സ്വദേശികളായ തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് പലപ്പോഴും തീർഥാടന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള കാരണം. ഇതോടൊപ്പം തുടർച്ചയായ യാത്രയെ തുടർന്ന് ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും അപകടത്തിന് ഇടയാക്കുകയാണ്.
തീർഥാടനകാലം ആരംഭിച്ചതോടെ ദേശീയപാതയിലടക്കം വലിയ തീർഥാടക വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. മണ്ഡലകാലത്തിന്റെ തുടക്കത്തിൽതന്നെ അപകട പരമ്പരകൾ അരങ്ങേറിയതോടെ തീർഥാടന വാഹങ്ങളുടെ വേഗത കുറച്ച് അപകടരഹിതമായ യാത്ര തുടരുന്നതിന് കർശന നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്.

