ഇരിട്ടി: കോടതിയിൽ തനിക്ക് അനുകൂലമായി സാക്ഷി പറയാൻ എത്താതിരുന്ന വയോധികനെ പ്രതി വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു. മുഴക്കുന്ന് സ്വദേശി ഗംഗാധരനാണ് (60 ) മർദനമേറ്റത്. കാക്കയങ്ങാട് സ്വദേശി സി.കെ. ബാബുവാണ് വയോധികനെ തടഞ്ഞു നിർത്തി മർദിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കാക്കയങ്ങാട് ടൗണിന് സമീപം വയോജന വിശ്രമ കേന്ദ്രത്തിന്റെ മുന്നിലെ റോഡിൽ വച്ചായിരുന്നു മർദനമേറ്റത്. ഇതുവഴി നടന്നുപോകുകയായിരുന്ന പരാതിക്കാരനെ പ്രതി പിടിച്ച് റോഡിലേക്കു തള്ളിയിടുകയും തൊട്ടടുത്ത കടയിൽ നിന്നു വാഴക്കുലയുടെ തണ്ടെടുത്ത് വീണുകിടന്ന പരാതിക്കാരനെ അടിച്ചു പരിക്കേൽപ്പിച്ചുവെന്നാണ് പരാതി.
മൊബൈൽ ഫോണുകൊണ്ട് വയോധികന്റെ തലയ്ക്ക് കുത്തി പരിക്കേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. വയോധികന്റെ പരാതിയിൽ മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

