ബോളിവുഡിലെ ഏറ്റവും ജനപ്രീതിയുള്ള താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യറായിയും. ഇവര്‍ക്കിടയില്‍ ഇടയ്ക്കു ചില അസ്വാരസ്യങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതു വെറുതെയായിരുന്നുവെന്നു പിന്നീടു വ്യക്തമായി.1995ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് അഭിഷേക് സിനിമയിലേക്കു ചുവടുവയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളു.
ഐശ്വര്യ തിരക്കുള്ള നടിയായിരുന്നു. സ്വിറ്റ്സര്ലന്ഡില്വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച്ച. അഭിഷേക് തന്റെ പിതാവ് അമിതാഭ് ബച്ചന്റെ ‘മൃത്യുദാതാ’ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ആ കൂടിക്കാഴ്ചയെക്കുറിച്ച് അഭിഷേക് മനസ് തുറന്നിരുന്നു.
“ഞാന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍, മെഹുല്‍ കുമാറിനൊപ്പം, എന്റെ പിതാവിന്റെ സിനിമയായ മൃത്യുദാതയുടെ ലൊക്കേഷന്‍ തെരയുകയായിരുന്നു. ഞാന്‍ അവിടെ വളര്‍ന്നതുകൊണ്ടും ബോര്‍ഡിംഗ് സ്കൂളില്‍ പഠിച്ചതുകൊണ്ടും എനിക്കു സ്ഥലങ്ങളെക്കുറിച്ചു നന്നായി അറിയാമെന്നു കരുതി അമ്മയാണ് എന്നെ അയച്ചത്.
ഞാന്‍ ബോബിയുമായി (ഡിയോളുമായി) വളരെ അടുത്ത സൗഹൃദത്തിലായിരുന്നു. അദ്ദേഹം ‘ഓര് പ്യാര് ഹോ ഗയാ’ എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. ഞങ്ങള്‍ ലൊക്കേഷന്‍ തെരയുന്നതിനിടെ ഒരു ദിവസം, അദ്ദേഹത്തെ കാണാന്‍ സെറ്റിലെത്തി. അദ്ദേഹം ഐശ്വര്യയോടൊപ്പമായിരുന്നു ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. ഞാന്‍ അവളെ ആദ്യമായി നേരിട്ടു കാണുന്നത് അന്നാണ്. മുമ്പ് മിസ് വേള്‍ഡ് മത്സരത്തില്‍ കണ്ടിട്ടുണ്ട്. പക്ഷേ, നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു.
അന്ന് വൈകുന്നേരം ബോബി പറഞ്ഞു, ‘എന്തുകൊണ്ട് നിങ്ങള്‍ എന്റെ ഹോട്ടലിലേക്കു വരുന്നില്ല, നമുക്ക് ഒരുമിച്ച് അത്താഴം കഴിക്കാം?’ എനിക്ക് മിക്കി കോണ്‍ട്രാക്ടറെ നന്നായി അറിയാമായിരുന്നു. അദ്ദേഹം ഐശ്വര്യയുടെ മേക്കപ്പ് ചെയ്യുകയായിരുന്നു. എന്റെ അമ്മയുടെ മേക്കപ്പും അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹം എന്നെ കുട്ടിക്കാലം മുതലേ കണ്ടിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഇരുന്നു. അപ്പോഴാണ് ഞാന്‍ അവളെ ആദ്യമായി കണ്ടത്.
ഈ അത്താഴസമയത്ത് ഐശ്വര്യയ്ക്ക് ഞാന്‍ പറഞ്ഞതൊന്നും മനസിലായില്ല. കാരണം എന്റെ ഉച്ചാരണത്തിന്റെ പ്രത്യേകതയായിരുന്നു. എന്റെ ബ്രിട്ടീഷ് ബോര്‍ഡിംഗ് സ്കൂള്‍ ആക്സന്റ് കാരണം താന്‍ പറഞ്ഞ ഒരു വാക്കു പോലും മനസിലായില്ലെന്ന് അവള് പിന്നീട് എന്നോട് പറഞ്ഞു”- അഭിഷേക് വ്യക്തമാക്കി.